കോഴിക്കോട് : കേരളത്തിലെ അഗ്രിബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന എഫ്.പി.ഒ മേള കോഴിക്കോട്ടും. ഫെബ്രുവരി 21 മുതൽ 23 വരെ സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് വച്ചാണ് മേള നടക്കുക. കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും, സംരംഭകത്വം, മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, വിപണി ലക്ഷ്യമായിട്ടുള്ള ഉത്പാദന പ്രക്രിയ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് എഫ്. പി. ഒ. മേള സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ എസ്. സപ്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന 10,000 എഫ്.പി.ഒ പദ്ധതിയ്ക്ക് കീഴില്‍ സ്ഥാപിതമായ എഫ്.പി.ഒ. കളുടെ സുസ്ഥിരതയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ മേള. ചെറുകിട കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, എഫ്.പി.ഒ- കള്‍ എന്നിവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉള്‍പ്പെടുത്തി ഒരുക്കിയിട്ടുള്ള എഫ്.പി.ഒ മേള കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് 21 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന്‍ എം പി അദ്ധ്യക്ഷത വഹിക്കും.കാര്‍ഷിക മേഖലയെയും മൂല്യ വര്‍ദ്ധിത ഉല്‍പന്ന ശൃംഖലയെയും ശക്തിപ്പെടുത്തുന്നതിനും വിപണനം, ബ്രാന്‍ഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനും അവസരം ഒരുക്കുന്നതിനോടൊപ്പം സാമ്പത്തിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
കര്‍ഷകര്‍, അഗ്രിബിസിനസ് വിദഗ്ധര്‍, കര്‍ഷക സംഘങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്കിടയില്‍ പരസ്പര സഹകരണവും പങ്കാളിത്തവും വളര്‍ത്തുന്നതിനായുള്ള ബിസിനസ്-ടു-ബിസിനസ് (B2B) മീറ്റും മേളയുടെ ഭാഗമായി നടക്കും. എഫ്.പി.ഒ ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 50-ല്‍പ്പരം എഫ്.പി.ഒ-കളുടെ സ്റ്റാളുകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്റ്റാളുകളില്‍ നിന്നും വാങ്ങാനുള്ള സൗകര്യം ലഭിക്കും. മേളയുടെ ഭാഗമായി എഫ്.പി.ഒ അംഗങ്ങള്‍, കര്‍ഷകര്‍, സംരംഭകര്‍ എന്നിവര്‍ക്കായി വിദഗ്ധര്‍ നയിക്കുന്ന ബോധവല്‍ക്കരണ ക്ലാസ് ഉണ്ടാകും. മേളയോട് അനുബന്ധിച്ച് എല്ലാദിവസവും വിവിധ കലാപരിപാടികളോടുകൂടിയ കലാസന്ധ്യയും ഉണ്ടായിരിക്കും. കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന വാർത്താ സമ്മേളനത്തിൽ കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രജനി മുരളീധരന്‍, ആത്മ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ സീമ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ നീന.കെ എന്നിവര്‍ പങ്കെടുത്തു.