വെള്ളാര്‍മല സ്‌ക്കൂളിനായി പുത്തന്‍ ക്ലാസ് മുറികള്‍ കൈമാറി

വെള്ളാര്‍മല സ്‌ക്കൂളിനായി പുത്തന്‍ ക്ലാസ് മുറികള്‍ കൈമാറി

കല്‍പ്പറ്റ : ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളും ശുചിമുറികളും നിര്‍മിച്ചു നല്‍കിയത്.ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കായി ബിഎഐ നിര്‍മിച്ച എട്ട് ക്ലാസ് മുറികളുടെയും 10 ശുചിമുറികളുടെയും ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. മൂന്ന് കോടി ചെലവഴിച്ച് 12 ക്ലാസ് മുറികളും 16 ശുചിമുറികളുമാണ് ബിഎഐ നിര്‍മിച്ചു നല്‍കുന്നത്.

നാല് ക്ലാസ് മുറികളുടെയും ആറ് ശുചിമുറികളുടെയും നിര്‍മാണം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാവും.ചടങ്ങില്‍ മന്ത്രി ഒ ആര്‍ കേളു അധ്യക്ഷനായി. എംഎല്‍എ ടി സിദ്ധിഖ് മുഖ്യാതിഥിയായി. എഡിഎം കെ ദേവകി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, ബിഎഐ സംസ്ഥാന ചെയര്‍മാന്‍ പിഎന്‍ സുരേഷ്, സംസ്ഥാന സെക്രട്ടറി മിജോയ് കെ മാമു, സംസ്ഥാന ട്രഷറര്‍ കെ സതീഷ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്ര വ്യാസ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കെ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ബിഎഐ നിയുക്ത ചെയര്‍മാന്‍ ജോണ്‍സണ്‍ കെ എ, വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യ ലാല്‍, സ്‌ക്കൂള്‍ പിടിഎ പ്രസിഡന്റ് നജ്മുദീന്‍ ടികെ, മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ജെസി പെരേര, സ്‌ക്കൂള്‍ പിടിഎ പ്രസിഡന്റ് ജിതിന്‍ കണ്ടോത്ത്, മാധുരി കെജി, ബിഎഐ കാലിക്കറ്റ് സെന്റര്‍ ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍, കാലിക്കറ്റ് സെന്റര്‍ സെക്രട്ടറി ശ്രീജിത്ത് പിഎം, കാലിക്കറ്റ് സെന്റര്‍ ട്രഷറര്‍ രമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ 22 സെന്ററുകളില്‍ നിന്നായി 100 പ്രതിനിധികള്‍ പങ്കെടുത്തു.വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ എല്‍പി, യുപി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലായി 460 വിദ്യാര്‍ഥികളും പ്ലസ്ടു വിഭാഗത്തില്‍ 90 വിദ്യാര്‍ഥികളുമാണുള്ളത്. ഒന്നാം ക്ലാസു മുതല്‍ പത്താം ക്ലാസു വരെ 17 ഡിവിഷനുകളും പ്ലസ്ടുവിന് നാല് ഡിവിഷനുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *