വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിന് അധ്യാപകരുടെ പങ്ക് നിര്‍ണായകം

വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിന് അധ്യാപകരുടെ പങ്ക് നിര്‍ണായകം

കൊച്ചി : വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനൊപ്പം മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. സൈവൈവ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ അധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘ബീയോണ്ട് ദി ബ്ലാക്ക്‌ബോര്‍ഡ് ‘ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമഗ്ര വികസനം നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍ തന്നെ പുതുതലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപക സമൂഹമാണ് രാജ്യവളര്‍ച്ചയുടെ അടിസ്ഥാനം. വിദ്യാര്‍ത്ഥികളെ മാനസികമായി അടുത്തറിയുവാന്‍ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ സൈക്കോളജി, സൈക്യാട്രി അധ്യാപക മേഖലയിലുള്ളവര്‍ കുട്ടികളിലെ പെരുമാറ്റ വൈകല്യം, എഡിഎച്ച്ഡി, ഓട്ടിസം, പഠന വൈകല്യങ്ങള്‍, അധ്യാപക- വിദ്യാര്‍ത്ഥി ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഇടപ്പള്ളി കീഹോള്‍ ക്ലിനിക്കില്‍ നടന്ന സെമിനാര്‍ എറണാകുളം ഡി ഇ ഒ കെ കെ ഓമന ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികളെയും മനസിലാക്കി അവര്‍ക്ക് നേര്‍വഴി കാട്ടികൊടുക്കേണ്ടത് അധ്യാപക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, അധ്യാപകര്‍ക്ക് സഹായകമാവുന്ന ഇത്തരത്തിലുള്ള സെമിനാറുകള്‍ ഓരോ സ്‌കൂളിലും സംഘടിപ്പിക്കണമെന്നും കെ.കെ ഓമന പറഞ്ഞു. സെമിനാറില്‍ സി ബി എസ് ഇ സ്‌കൂള്‍ മാനേജ്മന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഇബ്രാഹിം ഖാന്‍, കീഹോള്‍ ക്ലിനിക് സി എം ഡി ഡോ. ആര്‍ പദ്മകുമാർ, സൈവൈവ് സെൻ്റർ ഫോർ മെൻ്റൽ ഹെൽത്ത് കെയർ സൈക്കോളജിസ്റ്റ് ദിവ്യ പദ്മകുമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സോനം മനോജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *