മാനന്തവാടി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു. കാട്ടിക്കുളം ബാവലി റോഡിൽ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ മൈസൂർ സ്വദേശി ആനന്ദാണ് മരിച്ചത്. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക് കാട്ടിക്കുളം ഭാഗത്തേക്ക് വരികയായി സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് സാരമായ പരിക്കേറ്റ ആനന്ദിനെ ഉടൻ കാട്ടിക്കുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആനന്ദിനോടൊപ്പമുണ്ടായിരുന്ന സഹയാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാല് ബുള്ളറ്റുകളിൽ ആയാണ് സംഘം സഞ്ചരിച്ചിരുന്നത്. ഇതിൽ ഒരു വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ആനന്ദിന്റെ ബന്ധുക്കൾ രാത്രിയോടെ മെഡിക്കൽ കോളേജിൽ എത്തും. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
