കൽപറ്റ: വയനാട് ജില്ലയിൽ പാസ്സ്‌പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ പുതിയ പാസ്സ്‌പോർട്ട് എടുക്കുന്നതിനും, പുതുക്കുന്നതിനും, വെരിഫിക്കേഷൻ അടക്കമുള്ള ആവശ്യങ്ങൾക്കും കോഴിക്കോട് റീജിയണൽ പാസ്പോർട്ട് കേന്ദ്രത്തെയാണ് വയനാട് ജില്ലയിൽ നിന്നുള്ളവർ ആശ്രയിക്കുന്നത്. ജില്ലയുടെ ഉൾഗ്രാമങ്ങളിൽ നിന്നടക്കം നിരവധി പേരാണ് നിലവിൽ കോഴിക്കോട് ഓഫീസിനെ ആശ്രയിക്കുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൽപറ്റയിൽ ചേർന്ന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള, ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, വൈസ് പ്രസിഡന്റ് കെ ടി അലി, കെ സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു.
