ചെതലയം : വയനാട്ടിലെ ഗോത്ര ജനതകളുടെ ചരിത്രവുമായ് ബന്ധപ്പെട്ട് ഫോട്ടോഗ്രാഫർ കെ.ആർ. രമിത് നടത്തിയ പഠനങ്ങളുടെ സമാഹാരം ” വയനാടിന്റെ രാജസ്ഥാൻ വേരുകൾ ” പ്രകാശനം ചെയ്തു. കോഴിക്കോട് സർവ്വകലാശാലയുടെ ചെതലയത്തെ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ, ഗവേഷകൻ ഡോ. കെ. പി. നിതിഷ് കുമാർ പ്രകാശനകർമ്മം നിർവ്വഹിച്ചു. എഴുത്തുകാരനും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പുസ്തകം ഏറ്റ് വാങ്ങി. നിലവിലുള്ള അറിവുകളെ പുതിയ തലത്തിലേയ്ക്ക് ഉയർത്തുന്ന പുസ്തകമാണിതെന്ന് ഡോ. കെ.പി. നിതിഷ് കുമാർ അഭിപ്രായപ്പെട്ടു.സോഷ്യോളജി വിഭാഗം മേധാവി ബിജിത പി.ആർ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. ബി. സുരേഷ് മുഖ്യാതിഥിയായ് പങ്കെടുത്തു. അസ്സിസ്റ്റന്റ് പ്രൊഫസ്സർ ഡോ. എം.എസ്. നാരായണൻ, വിദ്യാർത്ഥികൾക്ക് പുസ്തകത്തെ പരിചയപ്പെടുത്തി. ചരിത്ര വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസ്സർ ഷിഹാബ് പി. സ്വാഗതം ആശംസിയ്ക്കുകയും, കൊമേഴ്സ് വിഭാഗം മേധാവി ഡോ. ഗ്രീഷ്മാദാസ് എം.എസ്., സാമൂഹ്യ പ്രവർത്തകരായ അമ്മിണി കെ., കെ.എൻ. രമേശൻ, വിദ്യാർത്ഥിനി അതുല്യ എന്നിവർ ആശംസകളറിയിച്ച് സംസാരിയ്ക്കുകയും ചെയ്തു. സോഷ്യോളജി അസ്സോസ്സിയേഷൻ സെക്രട്ടറി അഞ്ജന ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദിയറിയിച്ചു.
 
            
 
                                     
                                     
                                         
                                         
                                         
                                         
                                         
                                        