വന്യമൃഗശല്യം;ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം:കോണ്‍ഗ്രസ്

കല്‍പ്പറ്റ : വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ ജനങ്ങല്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസ് നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും,അതിശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി.മേപ്പാടി താഞ്ഞിലോട്ട് നിവാസികള്‍ക്ക് നേരെ നടന്നത് മനുഷ്യത്വമില്ലാത്ത നടപടിയാണ്.സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ സര്‍ക്കാരും വനംവകുപ്പും സമ്പൂര്‍ണ പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ വന്യമൃഗശല്യം രൂക്ഷമാകുകയും മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നതല്ലാതെ യാതൊരുവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നില്ല. വനംവകുപ്പ് മന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായാണ് മുന്നോട്ടുപോകുന്നത്.താഞ്ഞിലോട്ടെ ജനങ്ങള്‍ ക്ഷമ കെട്ട് സ്വയം രക്ഷക്ക് വേണ്ടിയാണ് സമരമുഖത്തേക്കിറങ്ങിയത്.ആ ജനങ്ങള്‍ക്ക് നേരെയാണ് അതിക്രൂരമായ അക്രമം അഴിച്ചുവിട്ടത്. ജനകീയ സമരങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടുകൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ ശ്രമത്തെ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല.വന്യമൃഗശല്യത്തിന് പരിഹാരം കാണേണ്ട വനംവകുപ്പിന്റെ നിസംഗതയുടെ ഫലമാണ് ഇതുപോലെ വന്യമൃഗശല്യം രൂക്ഷമാകാനുള്ള കാരണം.വന്യമൃഗശല്യത്തിനെതിരെ അതിശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ് വരുംദിവസങ്ങളില്‍ നേതൃത്വം നല്‍കുമെന്നും യോഗം വ്യക്തമാക്കി.ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *