രാഹുല്‍ തുടങ്ങി പ്രിയങ്കയിലൂടെ തുടരുന്നു;കൈത്താങ്ങില്‍ ഉയര്‍ന്നത് 84 വീടുകള്‍കുഞ്ഞവറാന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം സഫലമായി

രാഹുല്‍ തുടങ്ങി പ്രിയങ്കയിലൂടെ തുടരുന്നു;കൈത്താങ്ങില്‍ ഉയര്‍ന്നത് 84 വീടുകള്‍കുഞ്ഞവറാന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം സഫലമായി

കല്‍പ്പറ്റ : കാട്ടാന കൊലപ്പെടുത്തിയ കുഞ്ഞവറാന്റെ കുടുംബത്തിനായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ പ്രിയങ്കാഗാന്ധി എം പി കൈമാറി. 2023 നവംബര്‍ നാലിനായിരുന്നു കാട്ടാനയുടെ ആക്രമണത്തില്‍ മേപ്പാടി എളുമ്പിലേരി കുഞ്ഞവറാന്‍ കൊല്ലപ്പെടുന്നത്. കുടുംബത്തിന്റെ ആശ്രയമായിരുന്ന കുഞ്ഞവറാന്‍ മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. നാല് പെണ്‍മക്കളുള്ള കുടുംബത്തിന്റെ ആശ്രയമായിരുന്നു അദ്ദേഹം. എസ്റ്റേറ്റുപാടിയില്‍ ഏറെ ദുരിതങ്ങളോട് മല്ലടിച്ച് ജീവിച്ചിരുന്ന കുടുംബത്തിന് വീടെന്ന സ്വപ്നം എന്നും എത്രയോ അകലെയായിരുന്നു. ഇതിനിടയിലാണ് പ്രദേശത്തെ പൊതുപ്രവര്‍ത്തകരോടൊത്ത് രാഹുല്‍ഗാന്ധി എം പിയെ കാണാനായി കുഞ്ഞവറാന്റെ കുടുംബം കല്‍പ്പറ്റയിലെത്തിയത്.

രാഹുലിനെ കണ്ട് വിവരങ്ങളെല്ലാം പറഞ്ഞതിന് പിന്നാലെ കുഞ്ഞവറാന്റെ കുടുംബത്തിന് കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കാന്‍ കോണ്‍ഗ്രസ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വീട് നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു. എസ്റ്റേറ്റു പാടിയില്‍ വളരെ കഷ്ടപ്പെട്ടായിരുന്നു ജീവിച്ചിരുന്നതെന്നും, സഹായം ചെയ്യാനൊന്നും ആരുമില്ലാതിരുന്ന അവസരത്തിലാണ് രാഹുല്‍ഗാന്ധി വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞതെന്നും, ഒരുപാട് നന്ദിയുണ്ടെന്നുമായിരുന്നു സന്തോഷാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് അന്ന് കുഞ്ഞവറാന്റെ ഭാര്യ കുഞ്ഞായിഷ പറഞ്ഞത്. ആ കുടുംബത്തിന്റെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. ആശ്രയവുമറ്റ, ദുരിതങ്ങളോട് മല്ലടിച്ചിരുന്ന, പ്രതിസന്ധികളാല്‍ കഷ്ടപ്പെട്ടിരുന്ന 84 കുടുംബങ്ങള്‍ക്കാണ് ഇതിനകം കൈത്താങ്ങ് പദ്ധതിയില്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. ഇതില്‍ വിവിധ ഘട്ടങ്ങളിലായി അമ്പതിലധികം വീടുകളുടെ താക്കോല്‍ ഇതിനകം കൈമാറി കഴിഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായ 29 വീടുകളുടെ താക്കോല്‍ദാനം പ്രിയങ്കാഗാന്ധി എം പി വണ്ടൂര്‍ കെ ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *