യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിചതച്ച സംഭവം; കോണ്‍ഗ്രസ് എസ് പി ഓഫീസ് മാര്‍ച്ച് നാളെ:പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന എസ് പി ഓഫീസ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ദുരന്തബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തികളായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അവരെ അടിച്ചമര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ദുരന്തബാധിതരുടെ ആവശ്യങ്ങള്‍ക്കായി വയനാട് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായത് അതിനിഷ്ഠൂരമായ മര്‍ദ്ദനപരമ്പരയാണ്. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ പൊലീസിന്റെ ഈ നരനായാട്ടിന് നേതൃത്വം നല്‍കിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *