കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാരിന്റെ കെടുകാര്യസ്ഥതയിലും അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന് വയനാട് കളക്ടറേറ്റിനു മുൻപിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു. രാപ്പകൽ സമരം രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.രാപ്പകൽ സമര ശേഷം 28ന് രാവിലെ മുണ്ടക്കൈ ദുരിതബാധിതരുടെയും യുഡിഎഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് വളയൽ സമരം ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും.
പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ പോലും സമയബന്ധിതമായി ചെയ്തു തീർക്കാനാവാതെ വ്യവഹാരങ്ങൾ നടത്തിക്കൊണ്ട് മുന്നോട്ട് പോവുകയും ദുരന്തബാധിതരുടെ കൃത്യമായ കണക്കെടുക്കാൻ പോലും കഴിയാത്ത തരത്തിൽ കെടുകാര്യസ്ഥതയുടെ പര്യായമായി മാറുകയും ചെയ്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തും.രാപ്പകൽ സമരത്തിലും കളക്ടറേറ്റ് വളയൽ സമരത്തിലും ദുരന്തബാധിതർ ഉൾപ്പെടെയുള്ള ബഹുജനങ്ങളെ പങ്കെടുപ്പിക്കാനും യുഡിഎഫ് നിയോജക കമ്മിറ്റി തീരുമാനിച്ചു. സമരത്തിൽ യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡണ്ട് ടി ഹംസ അധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം കൺവീനർ പി പി ആലി, ബി സുരേഷ് ബാബു, പോൾസൺ കൂവക്കൽ, ജോസ് കണ്ടത്തിൽ, ജോണി നന്നാട്ട്, ഷംസു പടിഞ്ഞാറത്തറ, സുരേഷ് ബാബു വാളൽ യൂസഫ്,ജോയ് തൊട്ടിത്തറ, നാസർ കാദിരി, ഗിരീഷ് കൽപ്പറ്റ, അലവി വടക്കേതിൽ, എൻ മുസ്തഫ, ഫൈസൽ വൈത്തിരി തുടങ്ങിയവർ സംസാരിച്ചു.