കൽപ്പറ്റ : നാടിനെ നടുക്കിയ
മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ 37 പേരിൽ 33 പേർ ഇപ്പോഴും കിടപ്പിലാണന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. 59 കുടുംബങ്ങളാണ് ഉരുൾ ദുരന്തത്തിൽ പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടത്.
765 കുടുംബങ്ങൾക്ക് എല്ലാ മാസവും സർക്കാർ വാടക നൽകുന്നുണ്ടന്നും സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഉരുൾ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് ഈ മാസം 30 – ന് ഒരു വർഷം പൂർത്തിയാവുകയാണ്. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ദുരന്തബാധിതരുടെ എൻറോൾമെന്റും നടക്കുന്നുണ്ട്. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ പലവിധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. 11 മാസം പൂർത്തിയായപ്പോൾ ജില്ലാ ദുരന്ത നിവാരണ വിഭാഗം സംസ്ഥാനസർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ദുരന്ത ബാധിതരുടെ വിവരങ്ങൾ രേഖപ്പടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ആകെ മരണ സംഖ്യ 298 ആണ്. ഇപ്പോഴും 32 പേരെ കണ്ടെത്താനുണ്ട്. 231 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 223 ശരീര ഭാഗങ്ങൾ കണ്ടെത്തിയതിൽ 99 പേരുടെ ഡി.എൻ.എ. പരിശോധന ഫലം കൃത്യമായി. മറ്റുള്ളവരുടേത് ഇപ്പോഴും കൃത്യമായി യോജിച്ചിട്ടില്ല.
മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ
1036 കുടുംബങ്ങളെയാണ് ഉരുൾ ദുരന്തം നേരിട്ട് ബാധിച്ചത്. പരോക്ഷമായി ദുരന്തം ബാധിച്ചവരെയും ദുരിത ബാധിതരായി കണക്കാക്കണമെന്ന ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. തൊഴിലില്ലായ്മയും ജോലിയെടുക്കാൻ പറ്റാത്തതുമാണ് ഈ മൂന്ന് വാർഡുകളിലെ ആളുകൾ നേരിടുന്ന പ്രധാന പ്രശ്നം.
കുടുംബശ്രീ പോലുള്ള ഏജൻസികളാണ് ഇതിൽ ഇടപ്പെടുന്നത്.