മുക്കം : കേരളത്തിൻ്റെ മുഖ്യമന്ത്രി ആർ.എസ്.എസിനെ ഭയന്നാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഭയമാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം പാലത്തിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി നിരന്തരമായി മറയില്ലാതെ ആർ.എസ്.എസ് അജണ്ടകൾ നടപ്പാക്കുന്നത്. ഡൽഹിയിൽ വെച്ച് പി.ആർ ഏജൻസി വഴി ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ മലപ്പുറത്തെയും കേരളത്തെയും മുഖ്യമന്ത്രി അപമാനിക്കുകയാണ് ചെയ്തത്.
സംഘ്പരിവാറിന് വേണ്ടിയാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. ആർ.എസ്.എസ് കാലങ്ങളായി പറയുന്ന കാര്യം കേരള മുഖ്യമന്ത്രി പറയുകയായിരുന്നു. എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പോലും മുഖ്യമന്ത്രി ഇതുവരെ തയാറായില്ല. മരണത്തിന് കാരണക്കാരായവരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അവരെ ചോദ്യം ചെയ്യാൻ പോലും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപചാപക സംഘം സമ്മതിച്ചിട്ടില്ല. ആത്മഹത്യ ചെയ്തതിനുശേഷം എ.ഡി.എം അഴിമതിക്കാരനാണെന്ന് വരുത്തിതീർക്കാനും അതുവഴി അദ്ദേഹത്തിന്റെ കുടുംബത്തെ അപമാനിക്കാനും പരിഹസിക്കാനും വ്യാജ രേഖയുണ്ടാക്കിയത് എ.കെ.ജി സെന്ററിൽ നിന്നാണ്. അതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘത്തിന് പങ്കുണ്ട്. ഈ കേസ് അന്വേഷിച്ചു പോയാൽ അത് മുഖ്യമന്ത്രിയുടെ ഓഫിസിലും എ.കെ.ജി സെൻ്ററിലുമാണ് അവസാനിക്കുക. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നും കേന്ദ്രസർക്കാർ 675 കോടി രൂപ വിതരണം ചെയ്തപ്പോൾ വയനാടിന് ഒരു രൂപ പോലും അനുവദിക്കാതിരുന്നത് ബി.ജെ.പിയുടെ അപകടകരമായ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നിനെ പോലും രാഷ്ട്രീയമായാണ് ബി.ജെ.പി സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, എം.കെ രാഘവൻ എം.പി, ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, കോഡിനേറ്റർ ടി. സിദ്ദീഖ് എം.എൽ.എ സംസാരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, അഡ്വ. കെ. ജയന്ത്, എം.കെ ജോബ്, ഡി.സി.സി പ്രസിഡൻ്റുമാരായ അഡ്വ. കെ. പ്രവീൺകുമാർ, വി.എസ് ജോയ്, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലി അരീക്കോട്, കേരള കോൺഗ്രസ് (ജെ) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ജെ ടെന്നിസൺ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, .കെ ഹുസൈൻ കുട്ടി, ആർ.എസ്.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ജി പ്രസന്നകുമാർ, എൻ.കെ അബ്ദുറഹ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഫിയാൻ ചെറുവാടി, വി. സോണി സെബാസ്റ്റ്യൻ, ഇ.പി ബാബു, നാസർ എസ്റ്റേറ്റ്മുക്ക് പങ്കെടുത്തു.