മനുഷ്യ വിഭവ സെൻസസുമായി കരിങ്ങാരി ഗവൺമെൻ്റ്  യു പി സ്കൂൾ

മനുഷ്യ വിഭവ സെൻസസുമായി കരിങ്ങാരി ഗവൺമെൻ്റ് യു പി സ്കൂൾ

വെള്ളമുണ്ട : ജൂലൈ 11 ലോക ജനസംഖ്യ ദിന ആചരണത്തിന്റെ ഭാഗമായികരിങ്ങാരി ഗവൺമെൻറ് യുപി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ മനുഷ്യ വിഭവ സെൻസസ് നടത്തി.വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി,പാലിയാണ പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ,ഏർപ്പെടുന്ന തൊഴിലുകൾ,തൊഴിൽരഹിതരെ സംബന്ധിച്ച വിവരങ്ങൾ,തൊഴിലില്ലാത്തവർ ആഗ്രഹിക്കുന്ന തൊഴിലിനെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി തയ്യാറാക്കിയ വിഭവശേഖരണ ഫോർമാറ്റ് ഉപയോഗിച്ച് കണ്ടെത്തുകയും ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് പ്രദേശത്തെ മനുഷ്യ വിഭവത്തെ സംബന്ധിച്ച് സമഗ്ര ധാരണ ഉണ്ടാക്കുകയും ആണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.തൊഴിൽ ദാദാക്കൾക്കും തൊഴിൽ അന്വേഷകർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന ഈ വിവരങ്ങൾ ഭാവികാലത്തേക്ക് ഉള്ള ആസൂത്രണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനായി പഞ്ചായത്ത് ആസൂത്രണ വിഭാഗത്തിന് ലഭ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഈ പ്രവർത്തനത്തിലൂടെ കുട്ടികളുടെ സാമൂഹിക ഇടപെടൽ ശേഷി വർദ്ധിപ്പിക്കാനും വിവരശേഖരണത്തിലും അവ അപഗ്രഥിച്ച് നിഗമനങ്ങളിൽ എത്തിച്ചേരുന്നതിലും മികവ് വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.അപ്പർ പ്രൈമറി വിഭാഗത്തിലെ സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളുമായി സംയോജിപ്പിച്ചു കൊണ്ടാണ് കാനേഷുമാരി എന്ന് പേരിട്ടിരിക്കുന്ന ഈ മനുഷ്യ വിഭവ സെൻസസ് നടപ്പിലാക്കുന്നത്.സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ചുമതല വഹിക്കുന്ന അധ്യാപകരായ മനോജ് വി,ബാലൻ പുത്തൂർ, ഹർഷ കെ ആർ എന്നിവർ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർഥികൾക്കൊപ്പം കാനേഷുമാരി പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *