പാലക്കാട് : മദനിക്ക് ഏറ്റവുമധികം പിന്തുണ നല്കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്ന് കെ. സുരേന്ദ്രന് പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന് ആരോപിച്ചു.പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിയെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം എക്കാലത്തും സ്വീകരിച്ചിരുന്നത്. മദനിക്ക് നല്കിയ സ്വീകരണത്തിലും, അയാള്‍ പെങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിലും മുഖ്യമന്ത്രിക്കൊപ്പം പി. ജയരാജനും പങ്കെടുത്തിട്ടുണ്ട്. മദനിയുടെ പാര്‍ട്ടിയുമായി ലോക സഭയിലും നിയമസഭയിലും സിപിഎം സഖ്യമുണ്ടാക്കി.കേരളത്തിലെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ പിഡിപിയുമായും മദനിയുമായും നേരിട്ട് ബന്ധം പുലര്‍ത്തിയത് സിപിഎമ്മാണെന്ന് ജയരാജന് ബോധപൂര്‍വ്വം വിസ്മരിക്കുകയാണ്. സിപിഎമ്മിന്റെ സംസ്ഥാന നേതാവായ പി. ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ കേരളത്തിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയാന്‍ സിപിഎം തയ്യാറാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
അല്ലാതെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായം പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് മനസിലാക്കി അതിന്റെ ഭാഗമായി ഒരു അടവു നയം അവതരിപ്പിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല .പി. ജയരാജന്റെ നിലപാട് ആത്മാര്‍ത്ഥതയുളളതാണെങ്കില്‍ ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധി ചെയ്തതിന്റെ പാപഭാരത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സിപിഎമ്മിന് കഴിയില്ലെന്നും, ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. മദ്നി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുളളത്.തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുഖ്യമന്ത്രി മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തും. അത് കഴിഞ്ഞാല്‍ ചങ്ങാത്തം. ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളിലും ഇതേ നയം തന്നെയാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. ലീഗിനെ യുഡിഎഫില്‍ നിന്ന് അകത്തി മാറ്റി ഇടതു മുന്നണിയില്‍ എത്തിക്കാന്‍ പരിശ്രമം നടത്തുന്നയാളാണ് മുഖ്യമന്ത്രി. ലീഗിനെ മതനിരപേക്ഷ പാര്‍ട്ടിയായിട്ടാണ് സിപിഎം വിലയിരുത്തിയിട്ടുള്ളത്. മുസ്ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയെന്നുള്ള സമീപനം സിപിഎമ്മിനുണ്ടോയെന്നും സുരേന്ദ്രന് ചോദിച്ചു. ഇപ്പോള്‍ മലക്കം മറിയുന്നത് ഭൂരിപക്ഷസമുദായത്തെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.
ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ബാങ്കില്‍ കണ്ണുനട്ടാണ് പിണറായി വിജയിനിപ്പോള്‍ ലീഗിനെ കടന്നാക്രമിക്കുന്നത്. പിഎഫ്ഐയെ നിരോധിക്കുന്ന സമയത്ത് സിപിഎം എടുത്ത നിലപാട് ആരെയും നിരോധിക്കേണ്ട കാര്യമില്ലെന്നാണ്.വര്‍ഗീയതയെ താലോലിക്കുന്ന കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുകയാണ്. അതിനെതിരായുള്ള ജനവികാരമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. വോട്ട് മറിച്ചതിനെ ന്യായികരിച്ചവരാണ് സിപിഎം. ഇ. ശ്രീധരനെ പരാജയപ്പെടുത്താന്‍ മതേതരവോട്ടുകളാണ ്പോയതെന്നാണ് സിപിഎം പറയുന്നത്. മതേതര വോട്ടല്ല വര്‍ഗിയ വോട്ടുകളാണ് പോയത്. മുസ്ലിം ലീഗ് മതേതര കക്ഷിയാണോ അതേ വര്‍ഗീയ കക്ഷിയാണോ എന്ന് പരസ്യമായി പറയാന്‍ സിപിഎമ്മിനെന്താണ് ഇത്രമടിയെന്നും സുരേന്ദ്രന് ചോദിച്ചു. കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ അമ്മയെയും അച്ഛന് കരുണാകരനെയും പരസ്യമായി ആക്ഷേപിച്ചയാളെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ആ കുടുംബത്തെ വി.ഡി. സതീശന് ഉള്‍പ്പെടെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാര്‍ട്ടി നടപടി പോലും ഉണ്ടായിട്ടില്ല. ദിവ്യയെ കാണാതായിട്ട് ദിവങ്ങളായി. ഹേബിയസ് ഫയല്‍ ചെയ്യുകയോ, പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയോ ചെയ്തിട്ടില്ലെന്നും സുരേന്ദ്രന് ചോദിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇതില്‍ പങ്കാളിയായതുകൊണ്ടാണ് അന്വേഷണം നടക്കാത്തതെന്നും സുരേന്ദ്രന് വ്യക്തമാക്കി. ദിവ്യക്ക് അഭയം കൊടുത്തത് എകെജി സെന്ററാണ്. ഓഫീസ് സെക്രട്ടറി ബിജുവിനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല. കൊടിയ വഞ്ചനയാണ് സിപിഎം കേരളത്തോട് കാണിക്കുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്, മുഖ്യമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് ആരാഞ്ഞു. യുഡിഎഫിന് എന്തുകൊണ്ട് ഇതില്‍ താല്പര്യമില്ലെന്നും സുരേന്ദ്രന് ചോദിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതിലഭിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു.