പാലക്കാട് : മതേതര വോട്ട് എന്താണെന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിൻ്റെ വോട്ട് മാത്രം മതേതരവും മറ്റുള്ളവരുടേത് വർഗീയവുമാകുന്നതെങ്ങനെയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്തവരെയാണ് സിപിഎം വർഗീയവാദികളാക്കുന്നത്.കോടതിയിൽ പിപി ദിവ്യയ്ക്ക് വേണ്ടി സിപിഎം അവതരിപ്പിച്ച വാദങ്ങളെല്ലാം എഡിഎം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്തുന്നതാണ്. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുകയാണ് സിപിഎം ചെയ്യുന്നത്. ദിവ്യയെ സർക്കാർ സംരക്ഷിക്കുകയാണ്. 50 കോടി രൂപ കൊടുത്ത് കേരളത്തിൽ രണ്ട് എംഎൽഎമാരെ വിലയ്ക്ക് വാങ്ങും എന്നൊക്കെ പറയുന്നത് വിശ്വാസയോഗ്യമല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് ഇതിന്റെ ആവശ്യമില്ല. രണ്ട് എംഎൽഎമാരെ കിട്ടിയിട്ട് തോമസ് കെ തോമസിന് എന്ത് ചെയ്യാനാണ്. ഇതെല്ലാം ശ്രദ്ധ മാറ്റാനുള്ള രാഷ്ട്രീയ നാടകങ്ങളാണ്. എകെ ശശീന്ദ്രനെ മന്ത്രിയായി നിലനിർത്തി വനംവകുപ്പിൽ കയ്യിട്ടുവാരാനാണ് സിപിഎം ശ്രമിക്കുന്നത്. എകെ ശശീന്ദ്രനെ വെച്ച് കാര്യങ്ങളൊക്കെ സിപിഎം തന്നെയാണ് നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.