ബത്തേരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധപ്രകടനവും യോഗവും നടത്തി:കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളുടെ ആസൂത്രിത ഗൂഡാലോചന:എന്‍ ഡി അപ്പച്ചന്‍

ബത്തേരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധപ്രകടനവും യോഗവും നടത്തി:കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളുടെ ആസൂത്രിത ഗൂഡാലോചന:എന്‍ ഡി അപ്പച്ചന്‍

സുല്‍ത്താന്‍ബത്തേരി : നിരപരാധികളായ രണ്ട് കന്യാസ്ത്രീകളെ ജയിലടച്ച സംഭവത്തില്‍ എട്ട് ദിവസമായും ജാമ്യം ലഭിക്കാനുള്ള അവസരം നിഷേധിക്കുന്ന ഛത്തിസ്ഗഡ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭരണഘടന ഉയര്‍ത്തിപിടിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും,പൊതുയോഗവും നടത്തി. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്ന നടപടികളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് നേരെയുണ്ടായ കടന്നുകയറ്റമാണ് ഛത്തിസ്ഗഡില്‍ കണ്ടത്.ഇതിന് പിന്നില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ഗൂഡാലോചനയുണ്ട്.മനുഷ്യകടത്ത് കുറ്റം ചുമത്തിയതും,കേസ് എന്‍ ഐ എക്ക് കൈമാറിയതും ഇതിന്റെ ഭാഗമാണ്.

ഏറ്റവുമൊടുവില്‍ കോടതിയില്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തതിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാഷായുടേത് പാഴ്‌വാക്കായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. സംസ്ഥാന ബി ജെ പി പ്രസിഡന്റ് ജാമ്യത്തെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നാണ് പറഞ്ഞത്.എന്നാല്‍ നേര്‍വിപരീതമായാണ് കോടതിയില്‍ നടന്നത്.രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ മുറിവാണ് ഈ സംഭവമെന്നും, ഇത്തരം ഹീനമായ നടപടികള്‍ക്കെതിരെ അതിശക്തമായ സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍കുണ്ടാട്ടില്‍ അധ്യക്ഷനായിരുന്നു.ഡി പി രാജശേഖരന്‍,സംഷാദ് മരക്കാര്‍, നിസി അഹമ്മദ്,സക്കരിയ മണ്ണില്‍, ബെന്നി കൈനിക്കല്‍, സി എ ഗോപി,കുന്നത്ത് അഷ്‌റഫ്,എം കെ ഇന്ദ്രജിത്ത്,ലയണല്‍ മാത്യു,ശാലിനി രാജേഷ്,വൈ രഞ്ജിത്ത്,അഷ്‌റ മാടക്കര,ബാബു പഴുപ്പത്തുര്‍,രാധാ രവീന്ദ്രന്‍,ഷിജു കൊഴുവണ, കെ.കെ ബാബു,യൂനുസ് അലി,മണി ചോയിമൂല, അസീസ് മാടല,ടി എല്‍ സാബു പ്രസന്ന ശശി, കൃഷ്ണ,ബിന്ദു സുധീര്‍ ബാബു,പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *