കല്‍പ്പറ്റ : പ്രിയങ്കാഗാന്ധി എം പി നാളെ (27/03 ) മുതല്‍ 29 വരെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.45ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രിയങ്ക ഗാന്ധി അവിടെനിന്നും റോഡ് മാർഗം വയനാട്ടിലെത്തും. രാവിലെ പത്തരക്ക് പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര സന്ദര്‍ശനത്തോടെയാണ് പ്രിയങ്കാഗാന്ധിയുടെ മണ്ഡലത്തിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് 10.50ന് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം എം പി ഉദ്ഘാടനം ചെയ്യും. 12.10ന് ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ അങ്ങാടിശ്ശേരി സ്മാര്‍ട്ട് അംഗന്‍വാടി ഉദഘാടനം, അതിരാറ്റുകുന്ന് ജലസേചന പദ്ധതി, ഇരുത്തിലോട്ടുകുന്ന് ചെക്കുഡാം തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രിയങ്ക നിര്‍വഹിക്കും. ഉച്ചക്ക് ഒന്നരക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന വനിതാസംഗമവും, 2.30ന് മുട്ടിൽ ഡബ്ല്യം എം ഒ സ്കൂളിൽ നടപ്പിലാക്കുന്ന വൺസ്കൂൾ വൺ ഗെയിം പദ്ധതിയും പ്രിയങ്ക ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂന്നുമണിക്ക്എലസ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ചടങ്ങിലും പങ്കെടുത്ത ശേഷം വൈകിട്ട് അഞ്ചേകാലോടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലേക്ക് പോകും. 28ന് രാവിലെ 9.30ന് തലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വികസനപദ്ധതികള്‍ക്ക് എം പി തറക്കല്ലിടും.
10.45ന് എടവക ഗ്രാമപഞ്ചായത്തിലെ വീര ജവാന്‍ തലച്ചിറ ജനീഷ് സ്മൃതിമണ്ഡപം ഉദ്ഘാടനവും, ഉച്ചക്ക് ഒരു മണിക്ക് വടക്കനാട് അമ്പത് ഏക്കര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനവും പ്രിയങ്ക നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് ബത്തേരി സപ്ത റിസോര്‍ട്ടില്‍ നടക്കുന്ന അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യയുടെ കണ്‍വെന്‍ഷനും, മുക്കം മണാശേരി എം എ എം ഒ കോളജിന്റെ പുതിയ ഗ്രൗണ്ടും എം പി ഉദ്ഘാടനം ചെയ്യും. 29ന് ശനിയാഴ്ച രാവിലെ 9.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം 12.30ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉരുള്‍ദുരന്തം അതീജിവിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സകോളര്‍ഷിപ്പ് വിതരണചടങ്ങിലും പങ്കെടുക്കും. തുടര്‍ന്ന് ഉച്ചക്ക് ശേഷം മൂന്നരക്ക് വണ്ടൂര്‍ കെ ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കുന്ന 29 വീടുകളുടെ താക്കോല്‍ദാനവും, ഭിന്നശേശഷിക്കാര്‍ക്കുള്ള ഏഴ് സ്‌കൂട്ടറുകളുടെ വിതരണവും പ്രിയങ്ക നിര്‍വഹിക്കും.