കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 പുത്തുമലയിൽ നിന്ന് ആരംഭിക്കുന്ന ലോങ്ങ് മാർച്ച് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ സമാപിക്കും.രാവിലെ എട്ടുമണിക്ക് പുത്തുമലയിലെ പൊതുശ്മശാനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മേപ്പാടി നെല്ലിമുണ്ടയിൽ നിന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫ്ളാഗ് ഓഫ് ചെയ്യും.കാൽനടയായി ആരംഭിച്ച് മേപ്പാടി, കാപ്പം കൊല്ലി, കൽപ്പറ്റ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വയനാട് ജില്ലാ കളക്ടറേറ്റ് പരിസരത്ത് സമാപിക്കും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ലോങ്ങ് മാർച്ചിന് നേതൃത്വം നൽകും.ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുക, തുടർ ചികിത്സക്കുള്ള സൗകര്യം ഉറപ്പുവരുത്തുക, തൊഴിൽ പുനരധിവാസം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ബാങ്ക് ലോൺ സർക്കാർ ഏറ്റെടുക്കുക, അർഹരായവരെ ദുരന്ത പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാർച്ച് നടത്തുന്നത്. കേന്ദ്ര, കേരള സർക്കാരുകൾ ദുരന്തബാധിതർക്കായി പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്യുന്നതും അത് മതിയായ വേഗത്തിൽ ചെലവഴിക്കാത്തതിനെതിരെയും ലോങ്ങ് മാർച്ചിൽ പ്രതിഷേധം ഉയരും. പുത്തുമല ദുരന്തത്തിനുശേഷം അവർക്ക് ടൗൺഷിപ്പ് ഉണ്ടാവും എന്ന് കേരള ഗവൺമെൻറ് പ്രഖ്യാപിച്ചിരുന്നു. ശോചനീയമായിട്ടുള്ള വീടുകൾ നൽകിയിട്ടുള്ള ഗവൺമെന്റുകളുടെ നടപടികൾക്ക് എതിരെയും പ്രതിഷേധം ഉയരും.പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എം പി നവാസ്, ജനറൽ സെക്രട്ടറി സി എച്ച് ഫസൽ, സെക്രട്ടറി സി കെ മുസ്തഫ, ജില്ലാ കമ്മിറ്റി അഗം ലുഖ്മാനുൽ ഹഖീം വി.പി.സി.എന്നിവർ പങ്കടുത്തു.

 
             
                                     
                                     
                                         
                                         
                                         
                                         
                                         
                                         
                                        