പുതുവര്‍ഷത്തെ കരുതലോടെ വരവേല്‍ക്കാം; സജ്ജമായി വയനാട് ജില്ലാ പോലീസ്

കല്‍പ്പറ്റ : പുതുവത്സരാഘോഷവേളയില്‍ അനിഷ്ട സംഭവങ്ങളില്ലാതിരിക്കാനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും സജ്ജമായി വയനാട് ജില്ലാ പോലീസ്.ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിന് സ്‌പെഷ്യല്‍ ടീമുകളും രൂപവത്കരിച്ചിട്ടുണ്ട്.വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കും.

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും.മദ്യപിച്ച് വാഹനമോടിക്കുക,അമിതവേഗം,അശ്രദ്ധയോടെ വാഹനമോടിക്കുക,പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്,അഭ്യാസപ്രകടനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകും.ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷ ഉറപ്പാക്കും. മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112 ല്‍ പോലീസിനെ വിവരം അറിയിക്കുക

പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് റിസോര്‍ട്ടുകളും ലോഡ്ജുകളും പാലിക്കേണ്ട പ്രധാന നിബന്ധനകള്‍

• സമയപരിധി: ആഘോഷങ്ങള്‍ 2025 ഡിസംബര്‍ 31-ന് രാത്രി 10 മണിക്ക് അവസാനിപ്പിക്കണം.
• ലഹരി നിയന്ത്രണം: മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗമോ അനധികൃത വിതരണമോ പാടുള്ളതല്ല. ഇതിന്റെ ഉത്തരവാദിത്തം സംഘാടകര്‍ക്കായിരിക്കും.
• സുരക്ഷാ ക്രമീകരണങ്ങള്‍: ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെയും വോളന്റിയര്‍മാരെയും നിയോഗിക്കണം.
• സിസിടിവി ക്യാമറകള്‍ പ്രവേശന കവാടങ്ങളിലും പാര്‍ക്കിംഗിലും മറ്റ് പ്രധാന സ്ഥലങ്ങളിലും സ്ഥാപിക്കണം.
• സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി ബാരിക്കേഡുകള്‍ തിരിച്ച് സ്ഥലം ഒരുക്കണം.
• നീന്തല്‍ക്കുളങ്ങളിലും മറ്റും പ്രത്യേക സുരക്ഷ ഉറപ്പാക്കണം.
• ശബ്ദ മലിനീകരണം: ഉച്ചഭാഷിണികളും സൗണ്ട് സിസ്റ്റങ്ങളും നിയമപരമായി മാത്രമേ ഉപയോഗിക്കാവൂ.
• ഗതാഗതവും പാര്‍ക്കിംഗും: വാഹനങ്ങള്‍ സുഗമമായി പോകുന്നതിനും പാര്‍ക്കിംഗിനും സംഘാടകര്‍ ക്രമീകരണം ചെയ്യണം.
• മാലിന്യ സംസ്‌കരണം: പരിപാടിക്ക് ശേഷം സ്ഥലവും പരിസരവും വൃത്തിയാക്കുകയും മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കുകയും വേണം.
• അശ്ലീല പ്രകടനങ്ങളോ സമാധാന ലംഘനമോ ഉണ്ടാകാന്‍ പാടില്ല. പരിസരത്ത് മതിയായ വെളിച്ചവും ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളും ഉണ്ടായിരിക്കണം.
• പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണം.
ഈ നിബന്ധനകള്‍ പാലിക്കുമെന്ന് സമ്മതിച്ചുകൊണ്ടുള്ള സത്യപ്രസ്താവന2025 ഡിസംബര്‍ 31-ന് രാവിലെ 10 മണിക്ക് മുന്‍പായി പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കണം. നിയമലംഘനം നടത്തിയാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *