കൽപ്പറ്റ : പുല്‍പ്പള്ളിയില്‍ പനി ബാധിച്ച് മരിച്ച 17 വയസുകാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകാൻ വൈകിയതായി ആരോപണം.പുല്‍പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10മണിയോടെയാണ് കുട്ടിയെ പുല്‍പള്ളിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് 12 മണിയോടെ കുട്ടി മരിക്കുകയായിരുന്നു.മരണം സ്ഥിരീകരിച്ചതോടെ കുട്ടിയുടെ ബന്ധുക്കള്‍ പുല്‍പള്ളി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എന്നാല്‍ ഇവരുടെ താമസ സ്ഥലം കേണിച്ചിറ സ്റ്റേഷൻ പരിധിയിലാണെന്ന് പുല്‍പള്ളി പൊലീസ് അറിയിച്ചു. ഇതോടെ ബന്ധുക്കള്‍ ഉച്ചക്ക് കേണിച്ചിറ സ്റ്റേഷനിലും വിവരം അറിയിച്ചു. എന്നാല്‍, വൈകീട്ട് ആറുമണി കഴിഞ്ഞാണ് പൊലീസ് എത്തിയത്. 6.30ഓടെയാണ് ഇൻക്വസ്റ്റ് നടപടി ആരംഭിച്ചത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത് രാത്രി 8 മണിക്ക് ശേഷമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ മരണ വിവരം സമയത്ത് തന്നെ അറിയിച്ചിട്ടും തുടർ നടപടികള്‍ സ്വീകരിക്കാൻ പോലീസ് വൈകിയത് പ്രതിഷേധത്തിന് ഇടയാക്കി. തങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുകയായിരുന്നു എന്നും കുട്ടിയുടെ ബന്ധു ആരോപിച്ചു.
