കൽപ്പറ്റ : വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കാലാവധി പൂർത്തീകരിച്ച ജുനൈദ് കൈപ്പാണിയുമായി നടത്തിയ അഭിമുഖം.
5 വർഷത്തെ പ്രവർത്തനത്തെ സ്വയം എങ്ങനെ കാണുന്നു?
മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി എന്ന പൂർണ്ണമായ സംതൃപ്തിയോടെയാണ് ക്ഷേമകാര്യ ചെയർമാൻ പദവിയിൽനിന്ന് പടിയിറങ്ങുന്നത്.
പ്രത്യേകം ഓർക്കുന്ന വ്യക്തികൾ?
ജനപ്രതിനിധിയെന്ന പദവിയിൽ എന്നെ നേരെചൊവ്വേ വഴിനടത്തുന്നതിൽ ഒരു പാട് പേരുടെ മാർഗനിർദേശങ്ങൾ കൂട്ടായിട്ടുണ്ട്. ഏറ്റവും ആദ്യം എന്റെ മനസ്സിലേക്ക് വരുന്നത് എന്റെ പിതാവും-മാതാവും തന്നെയാണ്. ചെറിയ പ്രായത്തിൽത്തന്നെ മറ്റൊരാളുടെ മുതൽ അതൊരു നിലത്ത് വീണ മാങ്ങയാണെങ്കിൽപ്പോലും അന്യായമായോ സമ്മതമില്ലാതയോ തൊടരുത് എടുക്കരുത് എന്ന ജീവിതപാഠം പഠി പ്പിച്ചത് എന്റെ ഉമ്മയും ഉപ്പയുമാണ്. ഈ പാഠം പൊതുജീവിതത്തിലുടനീളം നല്ല നിലപാടുകളെടുക്കുന്നതിൽ ശക്തമായ പ്രചോദനമായി.
അനധികൃത സാധ്യതകളോട് നിസംശയം ‘നോ’ പറയാനും സാധിച്ചു.
2020 ലെ സ്ഥാനാർഥിത്വം എങ്ങനെയായിരുന്നു?
എന്തൊക്കെയായിരുന്നു വെല്ലുവിളികൾ.?
ഇടതുപക്ഷ മുന്നണിയുടെ പ്രിയപ്പെട്ട നേതാക്കളുടെ നിർബന്ധപൂർവ്വമായ ആവശ്യപ്രകാരമാണ് 2020 ൽ വെള്ളമുണ്ട ഡിവിഷനിൽ നിന്നും വയനാട് ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചത്. മൂന്ന് ദശാബ്ദത്തിലധികമായി യു ഡി എഫ് വലിയ മാർജിനിൽ ജയിക്കുന്ന ഒരു ഡിവിഷനിൽ നിന്ന് മത്സരിക്കാനാണ് നിയോഗിച്ചിരിക്കുന്നത് എന്നത് എന്നെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിതന്നെയായിരുന്നു. കോവിഡ് മഹാമാരി ഉണ്ടാക്കിയ സന്നിഗ്ധതകൾ സമൂഹത്തിലെ വിവിധ തലങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്ന സമയവും കൂടിയായിരുന്നു അത്. സാമ്പ്രദായികമായ തെരഞ്ഞെടുപ്പ് പ്രചാരണ മാർഗങ്ങളെയും ജന സമ്പർക്ക പരിപാടികളെയും ആശ്രയിക്കാൻ സാധിക്കാതെ പോയ ഘട്ടം. അത്തരം പ്രതിസന്ധികളെയെല്ലാം അതിജയിച്ചു, വലിയ പിന്തുണയോടെ വെള്ളമുണ്ട ഡിവിഷൻ പ്രതിനിധിയായി ജില്ലാ പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടാൻ കാരണമായത് ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസവും പ്രതീക്ഷയും കൊണ്ടാണ്.
ജില്ലാ ക്ഷേമകാര്യ ചെയർമാൻഷിപ്പിലേക്ക്.?
അപ്രതീക്ഷിതമായി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെ ഉത്തരവാദിത്വം കൂടി കൈവന്നു.
മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട്
അപ്രതീക്ഷിതമായി വെള്ളമുണ്ടയിൽ നിന്നും ഞാൻ വിജയിച്ചു വന്നതോടെ വയനാട് ജില്ലാ പഞ്ചായത്തിൽ 8/8 എന്ന നിലയിൽ മുന്നണികൾ ഒപ്പത്തിനൊപ്പം എത്തി.
പിന്നീട് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ
ചെയർമാൻ സ്ഥാനത്തേക്ക് ഞാൻ നിയോഗിക്കപ്പെട്ടു.
കണ്ണുതുറപ്പിച്ച അനുഭവങ്ങൾ.?
ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന, കൂടുതൽ ആദിവാസി സമൂഹങ്ങൾ ജീവിക്കുന്ന, കൃഷിയെയും അനുബന്ധ തൊഴിൽ മേഖലകളെയും അടിസ്ഥാനപ്പെടുത്തി ജീവിക്കുന്ന, പാരിസ്ഥിതികമായ വെല്ലുവിളികൾ നേരിടുന്ന ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്നും വികസനത്തെയും ക്ഷേമത്തെയും മനസ്സിലാക്കുകയും അതിനനുസൃതമായി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നത് എന്നെ സംബന്ധിച്ചടുത്തോളം പല തലങ്ങളിൽ കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. സമൂഹത്തെ, സാമൂഹികമായ അനുഭവങ്ങളെ കൂടുതൽ തെളിച്ചത്തോടെയും വിശാലമായും കാണാൻ ഇതു സഹായിച്ചു.
അഞ്ചുവർഷത്തെ ഏറ്റവും വലിയ നേട്ടം.?
വികസനത്തെ കുറിച്ചുള്ള മുഖ്യധാരാ കാഴ്ചപ്പാടുകളെ വയനാടിന്റെ പരിസരത്തു നിന്നും കാണാനും പുതുക്കിപ്പണിയാനും സാധിച്ചു എന്നതാണ് ഈ അഞ്ചുവർഷത്തെ ഏറ്റവും വലിയ നേട്ടമായി ഞാൻ കാണുന്നത്. പുതിയ പാഠങ്ങൾ പഠിക്കുന്നതിനേക്കാൾ വെല്ലുവിളി നിറഞ്ഞതായിരുന്നു പഠിച്ചു പതിഞ്ഞുപോയ കാര്യങ്ങളെ തിരുത്താനും തിരുത്തിക്കാനുമുള്ള ശ്രമങ്ങൾ. വെള്ളമുണ്ടയുടെ പ്രതിനിധിയാണെങ്കിലും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളുമായും വാർഡ് പ്രതിനിധികളുമായും ജനങ്ങളുമായും ഇടപെടേണ്ടതുണ്ടായിരുന്നു. അങ്ങിനെ മുഴുവൻ വയനാട്ടുകാരിലേക്കും എത്തിച്ചേരാനും അവരുടെ ആവശ്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാനും ഇതവസരമൊരുക്കി. പല അർഥത്തിൽ ഞാൻ ഇക്കാലയളവിൽ ഒരു വിദ്യാർഥിയായിരുന്നു.
വെല്ലുവിളി ഏറ്റെടുക്കുവാനും അവസരം ഉപയോഗപ്പെടുത്തുവാനും ശ്രദ്ധിച്ചോ.?
ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു ജില്ലയുടെ ക്ഷേമകാര്യ ചുമതലയുള്ള ജനപ്രതിനിധിയാവുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഉത്തരവാദിത്വമാണ്. അതേ സമയം വികസനം, ക്ഷേമം എന്നിവയെ കുറിച്ച് സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നുള്ള അനുഭവങ്ങളെ മുൻ നിർത്തി, രാജ്യത്തിന്റെ തന്നെ ഭാവിയെ കുറിച്ചുള്ള പുതിയ സങ്കൽപ്പങ്ങൾ ആലോചിച്ചെടുക്കാനും മുഖ്യധാരാ വികസന കാഴ്ചപ്പാടുകൾക്ക് തിരുത്തുകളും ബദലുകളും കൊണ്ടുവരാനും അതുവഴി വികസനത്തെ തന്നെ പുതുക്കിപ്പണിയാനുമുള്ള അവസരം കൂടിയാണത്. ഒരേ സമയം ആ വെല്ലുവിളി ഏറ്റെടുക്കുകയും അവസരം ഉപയോഗപ്പെടുത്തുകയും ചെയ്യാൻ ജനപ്രതിനിധി എന്ന നിലയിൽ 2020 -2025 കാലയളവിൽ കൃത്യമായി ശ്രമിച്ചു എന്നാണ് എന്റെ പൂർണ്ണ ബോധ്യം.
പ്രധാനമായും ശ്രദ്ധ കൊടുത്തത്.?
അടിസ്ഥാനപരമായ വികസന പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നികൊണ്ടും സമൂഹത്തിലെ വിവിധ ജന വിഭാഗങ്ങളെ ഉൾകൊണ്ടുകൊണ്ടുമുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലാണ് ഇക്കാലയളവിൽ പ്രധാനമായും ശ്രദ്ധിച്ചത്. സ്‌കൂളുകളുടെ ഗുണ നിലവാരം ഉയർത്താനുതകുന്ന പശ്ചാത്തല-നൈപുണി വികസന പദ്ധതികൾ, കുടുംബശ്രീ അംഗങ്ങൾക്കിടയിൽ സംരംഭകത്വം വളർത്തിയെടുക്കാൻ രൂപം നൽകിയ പ്രോജക്ടുകൾ, സമൂഹത്തിലെ വിവിധ തൊഴിൽ വിഭാഗങ്ങളിലേർപ്പെട്ടവർക്കുള്ള ഗ്രാമാദാരം തുടങ്ങിയ പദ്ധതികളിലൂടെ ക്ഷേമത്തെ നാടിന്റെ പൊതു വികസനവുമായി ബന്ധപ്പെടുത്തുന്നതിൽ നടത്തിയ ഇടപെടലുകൾ വയനാടിന്റെ വികസന വഴിയിൽ എന്നും ഓർമ്മിക്കപ്പെടുന്നതായിരിക്കും എന്ന് കരുതുന്നു.
സാംസ്‌കാരിക കേന്ദ്രങ്ങളെ എങ്ങനെ സമീപിച്ചു..?
ഗ്രാമീണ ലൈബ്രറികളെ കൂടുതൽ ജനസുഹൃദമാക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു ശക്തിപ്പെടുത്തുന്നതിന് സാധിച്ചു.
ജനപ്രതിനിധി എന്ന നിലയിൽ രാഷ്ട്രീയത്തെ എങ്ങനെയായിരുന്നു നോക്കികണ്ടത്..?
രാഷ്ട്രീയമെന്നത് ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന, ജീവജാലങ്ങളുടെ നിലനിൽപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമാണ്. ചില സിനിമകൾ കാഴ്ചക്കാരന്റെ മനസ്സിൽ ബോധപൂർവ്വം നിക്ഷേപിച്ച് പോയ അഴിമതിക്കോലങ്ങളോ ഹാസ്യ കഥാപാത്രങ്ങളോ അല്ല മഹാഭൂരിപക്ഷം വരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും. ജനതയുടെ നൻമ ഉദ്ദേശിച്ച് തന്നെയാണ് ഏറെപ്പേരും രാഷ്ട്രീയപ്രവർത്തകരാകുന്നതും ജനപ്രതിനിധിയായി മാറുന്നതും. എല്ലാ മേഖലകളിലും പോലെ രാഷ്ട്രീയത്തിലും പുഴുക്കുത്തുകളുണ്ടാകുകയും പലയിടത്തും പെറ്റുപെരുകുകയും ചെയ്യും. തിരുത്താത്തവ മൺ മറയുന്നു, തിരുത്തുന്നവർ മുന്നേറുന്നു. ഇത് മനസ്സിലാക്കി രാഷ്ട്രീയത്തെ സമീപിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ജനപ്രതിനിധിയായ ശേഷം രാഷ്ട്രീയത്തിന് അമിത പ്രാധാന്യം കൊടുത്തിരുന്നോ..?
തീർച്ചയായും..
രാഷ്ട്രീയമെന്നത് നമ്മുടെയെല്ലാം ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. അത് ഗൗരവപ്പെട്ട വിഷയമാണ്. കാരണം, അത് കൈകാര്യം ചെയ്യുന്നത് പൗരന്റെ ജീവിതമാണ് എന്നത് കൊണ്ട് തന്നെ.
കക്ഷിരാഷ്ട്രീയമാണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ ജനപ്രതിനിധി എന്ന നിലയിൽ വിവേചനമില്ലാതെ നീതിപൂർവ്വം കക്ഷി ഭേദമന്യേ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് എന്റെ ബോധ്യം.
ജനപ്രതിനിധി എന്ന നിലയിൽ താങ്കൾ കൃത്യമായി സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നു. സെൽഫ് മാർക്കറ്റിംഗ് ആണെന്ന് ആരെങ്കിലും ആരോപിച്ചാൽ..
”നാടിന്റെ നാനാതുറകളിലും പുരോഗതിയുടെ വെള്ളിവെളിച്ചം പ്രസരിപ്പിക്കുന്ന ഓരോ വികസന സംരംഭങ്ങളെയും കുറിച്ചറിയുക എന്നത് പൗരന്മാരുടെ അവകാശവും ആഹ്ലാദവുമാണ് അത് അറിയിക്കുക എന്നത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തവുമാണ്.
ആ ദൗത്യം പരമാവധി നിർവഹിക്കുക എന്നത് മാത്രമാണ് മീഡിയയയും സോഷ്യൽ മീഡിയയുമൊക്കെ പലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതിലൂടെ ഉദ്ദേശിച്ചത്.
അല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല.അറിയാതെ
തെറ്റിധരിച്ചവർക്ക് വേണ്ടിയുള്ള ഒരു മറുപടിയാണിത്.
അല്ലാതെ ജനപ്രതിനിധിയുടെ സോഷ്യൽ മീഡിയ ഉപയോഗം തെറ്റിധരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മറുപടി അല്ല
പല ഉദ്ഘടനങ്ങളും സാധരണക്കാരെ കൊണ്ട് ചെയ്യിക്കുന്നതായി ശ്രദ്ധയിൽ പ്പെട്ടു..
പൊളിറ്റിക്കൽ ഗിമ്മിക്സ് ആയിരുന്നോ.?
ഒരിക്കലുമല്ല.
സദുദേശാപരമാണ്.
റോഡ് ഗോത്ര സുഹൃത്തുക്കൾ ഉദ്ഘാടനം ചെയ്യുന്നു.
അത് അവർക്കുള്ള ആദരവും പരിഗണനയുമായിരുന്നു.
സ്കൂൾ കൺഫേർട്ട് സ്റ്റേഷൻ സ്കൂൾ ലീഡർ ചെയ്യുന്നു. അത് പുതിയ തലമുറയ്ക്കുള്ള പ്രോത്സാഹനമായിരുന്നു.
ഇതൊക്കെ പ്രോത്സാഹനമാണ്. പങ്കാളിത്തം ഉറപ്പുവരുത്തലാണ് അല്ലാതെ ഒരിക്കലും ഗിമ്മിക്സ് അല്ല.
വേറിട്ടതും മറ്റ് ജനപ്രതിനിധികൾക്ക് മാതൃകാപരവുമായ പദ്ധതികൾ നിശബ്ദമായി, വിജയകരമായി ഒരു ജനപ്രതിനിധി എന്ന നിലക്ക് ചെയ്തിരുന്നല്ലോ.
എങ്ങനെയാണ് താങ്കളുടെ പദ്ധതികൾ രൂപപ്പെട്ടത്.?
ഓരോ സാഹചര്യങ്ങളിൽ നിന്നും കൃത്യമായ സാദ്ധ്യതകൾ പരിശോധിച്ചു രൂപപ്പെടുത്തുന്നതാണ്.
പദ്ധതികളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടതാണല്ലോ.. അതൊക്കെ തന്നെ ഗൂഗിളിലും ചാറ്റ് ജി.പി.റ്റിയിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോർമുകളിലും കൃത്യമായി ലഭ്യമാണ്. അത് കൊണ്ട് ഇവിടെ ഡീറ്റൈൽസിലേക്ക് പോവുന്നില്ല.
പഞ്ചയത്തുമായി ബന്ധപ്പെട്ട് ഒരു കോഴ്സ് ചെയ്തിരുന്നു എന്നറിഞ്ഞു.
വ്യക്തമാക്കാമോ..
ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പൽ, കോർപ്പറേഷൻ കൗൺസിലുകളിലുമായി 21,900 വാർഡുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ തത്പരരായവർക്കായി കിലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും സഹകരണത്തോടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സ് നടത്തിയിരുന്നു. വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും എന്ന സർട്ടിഫിക്കറ്റ് കോഴ്സി ണത്.അത് 2022 ൽ പൂർത്തിയാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് കൈപ്പറ്റിയതാണ്.
അത്തരം
പഠന പ്രക്രിയയിൽ നിന്ന് ആർജിക്കുന്ന ആധികാരിക വിവരങ്ങൾ കൂടിയാണ് പഞ്ചായത്ത് ടോകിലും മറ്റും സാഹയകരമായത്.
വിദേശ ഓൺലൈൻ പത്രങ്ങൾ പോലും പരാമർശിച്ച താങ്കളുടെ പഞ്ചായത്തുമായി ബന്ധപ്പെട്ട
You tube ചനലിനെ കുറിച്ചു പറയാമോ
അധികാരവികേന്ദ്രീകരണത്തെയും പ്രാദേശിക ഭരണ നിർവഹണത്തിന്റെയും കേരളീയ അനുഭവങ്ങൾ പുതിയ കാലവുമായി ചേർത്തുകൊണ്ട് സമഗ്രമായി മനസ്സിലാക്കാൻ പറ്റുന്നവിധം
ലളിതമായ വിവരണമാണ് ഓരോ പഞ്ചായത്ത് ടോക് സീരീസിലും ഉൾപെടുത്തിയിരുന്നത്.
കേരളത്തിലെ
സവിശേഷമായ സാഹചര്യത്തിൽ
അടിസ്ഥാനവിഷയങ്ങളിൽ ഊന്നിക്കൊണ്ട്
അധികാര വികേന്ദ്രീകരണവും
ആസൂത്രണവും
പഞ്ചായത്ത് സംവിധാനവും പ്രാദേശിക ഭരണനിർവഹണവും
ജനപ്രതിനിധികളുടെ ചുമതലയും
ഹ്രസ്വമായി അവതരിപ്പിക്കുന്നതായിരുന്നു എന്റെ ടോക്ക് സീരീസ്.
കേരള സമൂഹത്തിൽ ഉയർന്നുവരുന്ന അഭിലാഷങ്ങളും ശ്രോതാക്കളായ
ജനപ്രതിനിധികളുന്നയിക്കുന്ന പ്രായോഗികമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള
എല്ലാ തലത്തിലുള്ള ആശയങ്ങളും വിഷയങ്ങളും ചർച്ച ചെയ്ത് ടോക് സീരീസുകൾ വ്യാപിപ്പിക്കാൻ സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ ഓർക്കുന്നു.
ചെയർമാനായ സമയത്തെ സ്മാർട്നെസ് വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളിൽ അവസരം ലഭിക്കാനുള്ള മുന്നൊരുക്കമായിരുന്നോ
ഒരിക്കലും അല്ല.
അതാതു സമയത്തുള്ള ഉത്തരവാദിത്തം പരമാവധി ഭംഗിയാക്കുക എന്നുള്ളതാണ്.
അല്ലാതെ അടുത്ത മത്സരത്തിന് വോട്ടർമാരുടെ പ്രീതിയോ മറ്റോ ആഗ്രഹിച്ചുള്ളതല്ല.
പൊതുപ്രവർത്തനം മത്സരത്തിന് വേണ്ടി മാത്രമാണ് എന്ന് കരുതുന്നത് തീർത്തും തെറ്റായ മനോഭാവമാണ്.
പരിസ്ഥിതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ?
പരിസ്ഥിതി സൗഹൃദ ജീവിതരീതി പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘സ്റ്റാൻഡ് വിത്ത് നേച്ചർ ‘ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി പഞ്ചായത്ത് സഭ ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചിരുന്നു. അതിന്റെ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും പ്രചാരണത്തിലും പങ്കെടുക്കാനും സാധിച്ചിട്ടുണ്ട്. ജില്ലാ പഞ്ചയത്ത് പദ്ധയുടെ ഭാഗമായുള്ള കാർബൺ നൂട്രൽ ജില്ലാ മൂവ്മെന്റും ജൈവ വൈവിദ്ധ്യമേളയുമല്ലാം ഞങ്ങളുടെ 2020-2025 ഭരണസമിതിയുടെ പരിസ്ഥിതി സൗഹൃദ സമീപനങ്ങൾക്ക് ഉദാഹരണമാണ്.
താങ്കളുടെ
പ്രതിപക്ഷ ബഹുമാനവും സർവ്വംഗീകൃത ശൈലിയും പ്രശംസനീയമാണ്.
അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഇടതുപക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചുകൊണ്ട് ,മാന്യവും പക്വതയുമുള്ള സമീപനവും പ്രതിപക്ഷ ബഹുമാനവും
ജനാധിപത്യ മര്യാദകളും പാലിച്ചുള്ള
പൊതുപ്രവർത്തന ശൈലി വിദ്യാർത്ഥികാലം തൊട്ടേ അനുധാവനം ചെയ്യുവാൻ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് വിവിധ സംഘടനകളും സ്ഥാപനങ്ങളും നേതൃത്വം നൽകുന്ന സൗഹൃദ കൂട്ടായ്മകളിലേക്കു വരാറുള്ള ക്ഷണം വളെരെയേറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.
പ്രതിപക്ഷ ആദരവും ജനാധിപത്യ മഹത്വവും
പരസ്പര സഹകരണവും സഹായവും മുഖമുദ്രയാക്കി കൊണ്ട് പൊതുവായ പുരോഗതിക്കും സൗഹൃദ അന്തരീക്ഷത്തിനും വേണ്ടി ഒരുമിച്ചിരിക്കാനുള്ള വിശാല ഹൃദയം ഓരോ പൊതു പ്രവർത്തകനും കൈവരിക്കുമ്പോഴാണ് നാടിന്റെ സമഗ്ര വികസനം ഉറപ്പുവരുത്താൻ സാധിക്കുക എന്ന് വിശ്വസിക്കുന്നു.
വികസനകാര്യങ്ങളും മറ്റു ദൈനംദിന പൊതു പരിപാടികളും നിരന്തരം ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ പോസ്റ്റിയിരുന്നു.
താല്പര്യങ്ങൾ ?
ചെടിക്ക് നനവ് ആവശ്യമുള്ളതുപോലെ ഒരു ആശയത്തിന് പ്രചരണം ആവശ്യമാണ്. അല്ലെങ്കിൽ രണ്ടും വാടി മരിക്കും.” -ഇത് ഡോ.അംബേദ്ക്കറുടെ വരികളാണ്.
ഈ സന്ദേശം ഡിജിറ്റൽ കാലഘട്ടത്തിൽ പ്രയോഗത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു എന്ന് മാത്രം.
പുതിയ സമൂഹത്തിന്റെ പരിചേച്ഛദം എന്ന നിലക്ക് ഓൺലൈൻ ഇടങ്ങളിലും
അതുപോലെ പരമ്പരാഗത
ഓഫ്‌ലൈൻ ഇടങ്ങളിലും ജനപ്രതിനിധിയുടെ സാന്നിധ്യം പൗരന്മാർക്ക് ആശ്വാസവും ആത്മവിശ്വാസവുമാണ്.
അതല്ലാതെ ആത്മരതിക്കു വേണ്ടിയുള്ളതായിരുന്നില്ല
ഒരു പൗരപ്രമുഖൻ എന്ന നിലക്ക് പൊതു കാര്യങ്ങളിൽ എന്ത് തോന്നുന്നു?
ഒരു മഹാനായ മനുഷ്യൻ സമൂഹത്തിന്റെ സേവകനാകാൻ തയ്യാറാണ് എന്നതിനാൽ ഒരു പ്രമുഖനിൽ നിന്ന് വ്യത്യസ്തനാണ്.
ലോഹ്യയുടെ വാക്കുകളാണിത്
മഹാനായ മനുഷ്യനാവുക മാനവികതയുടെ ഭാഗമാവുക എന്നതാണ് പ്രധാനം.
അല്ലാതെ പ്രമുഖൻ ആവുക എന്നുള്ളതല്ല.
പ്രമുഖൻ ആവാൻ ആളുകൾ കുറവുള്ള ഏതു പാർട്ടിയിൽ അംഗത്വം എടുത്താലും പെട്ടന്ന് സാധിക്കും.
ജില്ലാ സംസ്ഥാന ദേശീയ നേതാവ് വരെയാകാം പ്രശസ്തിയും നേടാം.
പക്ഷെ മഹാനാവാൻ നന്മകൾ ചെയ്യണം.
മനസാക്ഷിയിൽ മഹാനാവാൻ പൊതു പ്രവർത്തകരും ജനപ്രതിനിധികളും വർധിത വീര്യത്തോടെ മുന്നോട്ടു വരണം എന്നാണ് എനിക്ക് പറയാനുള്ളത്.
വികസന സങ്കല്പം..?
രാഷ്ട്രം എന്നത് പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പലാണ്. ഗാന്ധിജിയുടെ ഈ വാക്കുകൾ ആണ് എന്റെ വികസന സങ്കല്പത്തിന്റെ ആധാരം.
ഒരു പദ്ധതി പ്ലാൻ ചെയ്യുമ്പോൾ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവന്റെ മുഖം മനസ്സിൽ ഉണ്ടാവണം.
ഗാന്ധിജി ആവർത്തിച്ചു പറഞ്ഞ ഈ സന്ദേശം നമുക്ക് ഏറ്റെടുക്കാൻ സാധിക്കണം. ഡോ.ലോഹ്യ,ജെ.പി
എന്നിവരെകുറിച്ചുള്ള വായനയും പഠനവും ഒരു പരിധിവരെ
എന്നിലെ ഹ്യുമാനിസ്റ്റും സോഷ്യലിസ്റ്റും ഉണർത്തുകയും ഉയർത്തുകയും ചെയ്തു.
ചരിതാർഥ്യവും ആവേശവും ഉണ്ടാക്കിയ കാര്യങ്ങൾ..?
പൊള്ളുന്ന ജീവിത യഥാർഥ്യങ്ങൾ കണ്ടു കൊണ്ടിരുന്നു.അവിടങ്ങളിലെ പ്രശ്നങ്ങൾ
മാനവിക പക്ഷത്തു നിന്നും പരിഹരിക്കാൻ സാധിച്ചു എന്നുള്ളത് ഏറെ ചരിതാർഥ്യം നൽകി.
മുന്നണിയും പാർട്ടിയും നാട്ടുകാരും നൽകിയ പിന്തുണ ആവേശകരമായിരുന്നു.
ഊർജ്ജപ്രദവുമായി.
പ്രവർത്തന ഗോദയിൽ മുന്നണിയുടെ പിന്തുണയെ സംബന്ധിച്ചു പറയാമോ..?
സർവ്വ നന്മകളെയും ജനപ്രതിനിധിയുടെ വ്യക്തിപരമായ പൊട്ടെൻഷ്യാലിറ്റിയേയും മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്ന മഹത്തായതും ഉദാത്തമായതുമായ സമീപനമാണ് ഇടതുപക്ഷത്തിന്റേത്.
പൊതുജനങ്ങളുടെ സ്നേഹത്തെ എങ്ങനെ കണ്ടെത്തി..?
ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്.
മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉടലെടുക്കുന്നത്.
അതിനാൽ സ്നേഹം അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കാനുള്ള ഒരു മാർഗ്ഗമായി വേണം പൊതുപ്രവർത്തനത്തെ നമ്മൾ കണക്കാക്കേണ്ടത്.
പങ്കുവെക്കലിലൂടെയും പ്രയോഗത്തിലൂടെയും പ്രതിപക്ഷ ബഹുമാനത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ നമുക്ക് കഴിയും.
സ്നേഹ൦ താല്പര്യത്തിനു൦ ലാഭത്തിനു൦ ഉപാധികൾക്കും അതീതമാണ്.
യഥാർത്ഥ സ്നേഹം പ്രതിഫലം ആഗ്രഹിക്കുന്നില്ല.
പൊതുജനങ്ങളുടെ സ്നേഹത്തിന് നടുവിലൂടെ സഞ്ചരിക്കുക എന്നത് അനിർവചനീയമായൊരു അനുഭൂതിയാണ്.
അതാണ് ഒരു ജനപ്രതിനിധിക്കു ലഭിക്കുന്ന ഏറ്റവും വലിയ പ്രിവിലേജ്.
അഴിമതിമുക്ത രാഷ്ട്രീയം സാധ്യമാണോ..?
ആഗോളീകരണാനന്തര ലോകത്തിൽ അഴിമതിയെന്നത് മൂലധനത്തിന്റെ സ്വതന്ത്രസഞ്ചാരത്തിനും നീതി നിഷേധപൂർണ്ണമായ കടന്നു കയറ്റത്തിനുമുള്ള മാർഗ്ഗങ്ങളിലൊന്നാണ്. ജനങ്ങൾക്കാകെ അവകാശപ്പെട്ട പൊതുജന സമ്പത്തുകളെ സ്വകാര്യ വ്യക്തികൾ കൈയ്യടക്കുന്നതിന് കണ്ടെത്തുന്ന വഴി കൂടിയാണ് അത്.
പൊതുവായതിനെ സ്വകാര്യവൽക്കരിക്കുക എന്നത് തീർത്തും ജനവിരുദ്ധമായ ആശയത്തിന് വളർന്നു വികസിക്കുവാൻ നൽകപ്പെട്ട പ്രതിഫലമാണ് അഴിമതിപ്പണം..
അഴിമതി എന്നത് ആവർത്തിക്കപ്പെട്ട് അനുവദനീയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൊന്നായിത്തീർന്ന പുതിയ കാലത്ത് നമ്മുടെ പോരാട്ടം
ശക്തമാക്കേണ്ടതുണ്ട്.
അഴിമതിയുടെയും അവിഹിത ധനസമ്പാദനത്തിന്റെയും പുതിയ അദ്ധ്യായങ്ങൾക്കെതിരെ സന്ധി ചെയ്യാതെ പോരാടാൻ നമുക്ക് സാധിക്കണം.
ഭരണതലത്തിലെയും ഭരണ വർഗ്ഗ പാർട്ടികളിലെയും അഴിമതികൾ ഉന്നയിച്ചുളള പോരാട്ടം പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമണ്ഡലമായി മാറണം.
അതിനായി നമ്മൾ ഒരുമിച്ച് ഒരേ മനസ്സോടെ പോരാടണം.
അഴിമതിക്കെതിരെയുള്ള
പോരാളിക്ക് രാഷ്ട്രീയ ചരിത്രത്തിൽ സവിശേഷ സ്ഥാനമുണ്ട്.
മൂലധനാധിനിവേശത്തിന്റെ
അതിക്രമങ്ങൾക്കെതിരെ പൊതുജീവിതത്തിൽ മാനവികതയുടെ സവിശേഷ പ്രതീകമായി മാറാൻ ഓരോ ജനപ്രതിനിധികൾക്കും സാധിക്കണം.
ഞങ്ങൾ
ജനതാ പരിവാറുകാരുടെ, സോഷ്യലിസ്റ്റുകളുടെ ആചാര്യന്മാരായ ജയപ്രകാശ് നാരായണൻജിയുടെയും ഡോ. റാം മനോഹർ ലോഹ്യയുടെയും
ഉജ്ജ്വലമായ ഓർമ്മകളിലെല്ലാം അഴിമതിക്കെതിരായ സമരത്തിന്റെ ഒരു സമാന്തരപാഠം കൂടിയുണ്ട്.
അഴിമതിക്കെതിരായ സമരത്തിൽ ജനപ്രിയതയുടെ ഘടകമേയുള്ളൂവെന്നും അഴിമതിയെ അനുവദിക്കുന്ന വ്യവസ്ഥയെ കടപുഴകുന്നതോടെ അതവസാനിക്കുമെന്നും വാദിക്കുന്നവരും ശുഭപ്രതീക്ഷ പുലർത്തുന്നവരുമായിരുന്നു അവർ.
ഇത്തരം വാദങ്ങളുടെ സൈദ്ധാന്തികമായ പിൻബലത്തെ ഗൗരവമായി കാണാൻ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും സാധിക്കണം.
ഒരു എം.എൽ.എ ആയി വരുമോ..?
അധികാര കസേരകളില്‍ കണ്ണു വെക്കാതെ അപരന്റെ വേദനകളെ മനസ്സിലാക്കാനും അവരെ കൂട്ടിപ്പിടിക്കാനും തയ്യാറുള്ള വിശാലമനസ്‌ക്കരായ പൊതു പ്രവർത്തകരെയാണ് സമകാലിക സമൂഹത്തിനു ആവശ്യം. അത്തരം ആവശ്യത്തെ പരിഗണിക്കുന്നൊരു പൊതുപ്രവർത്തകനെ സംബന്ധിച്ച് ഈ ചോദ്യം അപ്രസ്കതമാണെന്ന് കരുതുന്നു.
ജനങ്ങൾക്കു നന്മ ചെയ്യാൻ ലഭിക്കുന്ന എത് അവസരവും പാർട്ടിയുടേയും മുന്നണിയുടേയും തീരുമാനം വഴി ലഭ്യമാകുകയാണെങ്കിൽ മികച്ചരീതിയിൽ അത് ഉപയോഗപ്പെടുത്തും.
രാഷ്ട്രീയ പകപോക്കലുകളും അടിസ്ഥാന രഹിതമായ ആരോപണ കസര്‍ത്തുക്കളും അനാവശ്യ വാഗ്വോദങ്ങളും കൊണ്ട് വർത്തമാന രാഷ്ട്രീയം സജീവമാകുമ്പോള്‍ നഷ്ടപ്പെടുന്നത് സാമൂഹിക സൗഹൃദങ്ങളിലെ നന്മകളാണ്.
അടിസ്ഥാനരഹിതമായ ആരോപണ പ്രത്യാരോപണങ്ങളും കളവ്, വഞ്ചന, ചതി, തുടങ്ങിയ സാമൂഹിക തിന്മകളും രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമാണന്ന തെറ്റായ തോന്നലാണ് പുതുതലമുറയില്‍ ജനിപ്പിക്കുന്നത്.
രാഷ്ട്രീയം അധികാര സംരക്ഷണത്തിനുള്ള ഒരുപാധിയല്ലായെന്നും മറിച്ച് രാഷ്ട്ര സേവനവും മാനവ നന്മയുമാണ് രാഷ്ട്രീയത്തിനാധാരം എന്ന ബോധമാണ് പുതു തലമുറയ്ക്ക് നമ്മൾ കൈമാറേണ്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രാഷ്ട്രീയ ഭരണകാര്യനിര്‍വഹണ മേഖലയിലേക്ക് നീങ്ങുവാനുള്ള സാമൂഹിക സാഹചര്യം രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ലഭിച്ചിട്ടും ജനക്ഷേമത്തിനും മതസൗഹാര്‍ദ്ധത്തിനുമാണ് അദ്ദേഹം താല്പര്യപ്പെട്ടത്.
ഗാന്ധിജിയുടെ ഈ മാനവിക കാഴ്ചപ്പാടിനെ ഉള്‍കൊള്ളുവാൻ നമുക്ക് കഴിയണം.
രാഷ്ട്രീയം ഒരു ജനസേവന ഉപാധിയാണ് എന്ന അടിസ്ഥാന തത്വത്തെയാണ് നമ്മൾ മുറുകെ പിടിക്കേണ്ടത്.
കാലം സ്വഭാവികമായി
ഏല്പിക്കുന്ന പാർലിമെന്ററി ദൗത്യങ്ങൾ ഇരു കരം നീട്ടി സ്വീകരിക്കുകയും അത് ജനങ്ങൾക്ക് വേണ്ടി പരമാവധി മനോഹരമാക്കുകയും ചെയ്യുക എന്നുള്ളത് മഹത്തായൊരു നന്മയാണെന്ന് കരുതാനും നമുക്ക് സാധിക്കണം
അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും മറ്റും എങ്ങനെയാണ് നേരിടാറുള്ളത്.?
ചെറുപ്പം മുതലേ ആരോടും അനാവശ്യമായി തർക്കിക്കാൻ പോകാത്ത ഒരു സ്വഭാവമാണ് എന്റേത്.
പലപ്പോഴും മിണ്ടാതിരിക്കുന്നത് ഒരു ബലഹീനതയായി കണ്ടവരുണ്ടാകാം, മറുപടി പറയാൻ അറിയാത്തതുകൊണ്ടാണെന്ന് കരുതിയവരും ഉണ്ടാകാം. പക്ഷേ, ചില ഇടങ്ങളിൽ വിഷയങ്ങളിൽ മൗനം ഒരു ശീലമാക്കിയപ്പോൾ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്പാദ്യം “മനസ്സമാധാനം” ആണ്.
നമ്മളെ തെറ്റിദ്ധരിച്ചവരുടെ മുന്നിൽ ന്യായങ്ങൾ നിരത്തി ജയിക്കാൻ ശ്രമിക്കുന്നതിനേക്കാൾ എത്രയോ സുഖമാണ്, ഒരു പുഞ്ചിരിയോടെ നേരിടുന്നത്. എല്ലാവരെയും എല്ലാം ബോധ്യപ്പെടുത്താൻ നമുക്ക് കഴിയില്ല. അതിന്റെ ആവശ്യവുമില്ല. നമ്മൾ എങ്ങനെയുള്ളവരാണെന്ന് നമുക്കറിയാം, അത് മനസ്സിലാക്കേണ്ടവർക്ക് കാലം മനസ്സിലാക്കിക്കൊടുക്കും.
അനാവശ്യ വാഗ്വാദങ്ങൾക്ക് പിന്നാലെ പോകാതെ, സമാധാനത്തിന് മുൻഗണന നൽകുന്നതാണ് ബുദ്ധി.തർക്കിച്ചു ജയിക്കുന്നതിലല്ല, സമാധാനപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് എന്റെ രീതി.
പുതിയ മെമ്പർമാർക്കുള്ള പ്രത്യേക നിർദേശങ്ങൾ.?
അടിമുടി അഴിമതിരഹിത നിലപാടുകൾ ജീവിതത്തിലും ഭരണരംഗത്തും ഉടനീളം പുലർത്തിയാൽ ഒരു തരത്തിലുമുള്ള വിമർശ നങ്ങളും നമ്മളെ ബാധിക്കില്ല. ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല. ആരൊക്കെ എന്തൊക്കെ കുപ്രചരണങ്ങൾ നടത്തിയാലും സത്യം നമ്മുടെ കൂടെ ഉണ്ടങ്കിൽ ഒപ്പം സമൂഹവും കട്ടക്ക് നമ്മുടെ കൂടെ എപ്പോഴുമുണ്ടാകുകയും ചെയ്യും എന്നതാണ് എൻ്റെ അനുഭവം.
താങ്കളുടെ എഴുത്തിനെ കുറിച്ച്..?
വിവിധ വിഷയങ്ങൾ പ്രമേയമാക്കി ഏഴ് പുസ്തകങ്ങൾ ഇതിനകം എഴുതിയിട്ടുണ്ട്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെ ന്ന് തൃണമൂല തല ത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റ
നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന ഗ്രന്ഥമാണ് അതിൽ പ്രധാനപ്പെട്ടത്.
‘ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്-തൌട്ട് ആൻഡ് പ്രാക്ടീസ്’ എന്ന ശീർഷകത്തിൽ സ്ട്രിങ് പബ്ലിക്കേഷൻസ് പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രസ്തുത പഠനഗ്രന്ഥത്തിന്
കൊൽക്കത്ത റെഡ് വെൽ ഫൗണ്ടേഷന്റെ
രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പ്രസംഗകല 501 തത്ത്വങ്ങൾ,രാപ്പാർത്ത നഗരങ്ങൾ,വ്യക്തിത്വ വികാസം തുടങ്ങി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
താങ്കൾ തന്നെ ഡെവലപ്പ് ചെയ്ത വിദ്യാഭ്യാസ സംരംഭമായ Letz Life നെ കുറിച്ച് രണ്ട് വാക്ക് പറയാമോ.?
കേരളത്തിനകത്തും പുറത്തുമായി പ്രസംഗകലയിൽ തൽപരരായ ആളുകൾക്ക് പ്രസംഗ പരിശീലനവും മറ്റ് സോഫ്റ്റ് സ്‌കിൽ പഠനവും നൽകുന്ന 2014 ൽ സ്ഥാപിതമായ ലെറ്റ്സ് ലൈഫിന്റെ ഫൗണ്ടറാണ് ഞാൻ. വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്.
ഓഫ്‌ലൈൻ ക്ലാസുകൾക്ക് പുറമെ ഓൺലൈൻ സൗകര്യം ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ലേണിംഗ് ആപ്പ് കൂടി നിലവിലുണ്ട്.
നൂറുകണക്കിന് പഠിതാക്കൾ നിലവിലുണ്ട്.
അത് കേവലം ഒരു വിദ്യാഭ്യാസ പ്രവർത്തനം എന്നതിലുപരി എന്റെ വ്യക്തിപരമായ വരുമാന മാർഗം കൂടിയാണ്.
നിരവധിയായ പരിശീലന പ്രവർത്തനങ്ങളും സോഫ്റ്റ് സ്കിൽ കോഴ്സുകളും ആവശ്യക്കാർക്ക് നൽകി വരുന്നുണ്ട്.
വെള്ളമുണ്ട ഡിവിഷനിൽ താങ്കൾ നടത്തിയ ‘ഗ്രാമാദരം’
ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു.
അതിന് പിന്നിലെ താല്പര്യം?
നിങ്ങൾ ഒരാളെ എത്ര വേണമെങ്കിലും
ആദരിച്ചോളു പ്രശംസിച്ചോളൂ.
അത് ഒരാളുടെ മനസ്സിൽ ഒരു വിളക്കുപോലെ തെളിയും.
പക്ഷേ അപമാനിക്കുമ്പോൾ ദയവായി ഒരു നിമിഷം തിരിച്ചു ചിന്തിക്കണം.
കാരണം ഒരൊറ്റ വാക്ക് ഒരാൾക്ക് ഒരു ജീവിതകാലം മുഴുവൻ വേദനയായി മാറാൻ മതി.
അപമാനം എന്നത് ആ നിമിഷം കേൾക്കുന്ന ഒരു ശബ്ദമല്ല.
അത് ഉള്ളിൽ കുത്തിപ്പിടിക്കുന്ന ഒരു മുറിവാണ്.
ചിരിയുടെ പിന്നിൽ ഒളിപ്പിക്കുന്നൊരു കരച്ചിലാണ്.
ആർക്കും കാണിക്കാത്ത ഉള്ളിലെ തകർച്ചയാണ്.
നമ്മൾ “വെറുതെ” എന്ന് പറഞ്ഞ ഒരു വാക്ക്,
ആരോ രാത്രികളോളം ഉറക്കമില്ലാതെ ഓർത്തു കരഞ്ഞിട്ടുണ്ടാകാം.
നമ്മൾ ചിരിയോടെ പറഞ്ഞ ഒരു പരിഹാസം,
ഒരാളുടെ ആത്മവിശ്വാസം തകർത്തെറിഞ്ഞിട്ടുണ്ടാകാം.
പ്രശംസ മനുഷ്യനെ ഉയർത്തുന്നു.
അപമാനം മനുഷ്യനെ ഉള്ളിൽ നിന്ന് തകർക്കുന്നു.
പ്രശംസ കിട്ടിയ മനുഷ്യൻ ലോകത്തെ നേരെ നോക്കും.
അപമാനം കിട്ടിയ മനുഷ്യൻ കണ്ണാടിയിൽ പോലും സ്വന്തം മുഖം നോക്കാൻ മടിക്കുന്നു.
അപമാനം എന്നത് ഒരു വേദന മാത്രമല്ല.
അത് അവസരം കിട്ടുമ്പോൾ തിരികെ നൽകുന്ന ഒരു വായ്പയാണ്…
കാലം അതിന്റെ അക്കൗണ്ട് സൂക്ഷിച്ചു വെക്കും.
അവസരം വന്നാൽ അത് പലിശയോടെ തിരിച്ചു നൽകും.
ഇന്ന് നമ്മൾ ചെറുതാക്കിയ ഒരാൾ
നാളെ നമ്മളെ മൗനത്തിൽ തോൽപ്പിച്ചേക്കാം…
ഇന്ന് നമ്മൾ തള്ളി മാറ്റിയ ഒരാൾ
നാളെ നമ്മുടെ മുന്നിൽ ഉയർന്നു നിന്നേക്കാം…
അന്ന് നമ്മൾ ഓർത്തെടുക്കും
“ഞാൻ പറഞ്ഞത് ഒരു വാക്കായിരുന്നു…
പക്ഷേ അവൻ അനുഭവിച്ചത് ഒരു ജീവിതകാലത്തെ വേദനയായിരുന്നു” എന്ന്…
അതുകൊണ്ട്
വാക്കുകളും സമീപനങ്ങളും ഒരിക്കലും ലഘുവായി ഉപയോഗിക്കരുത്…
വിയോജിക്കാം…
തിരുത്താം…
പക്ഷേ ഒരു മനുഷ്യനെയും അപമാനിക്കരുത്…
ഞാൻ കാടുകയറി എന്ന് തോന്നുന്നു.
ചുരുക്കത്തിൽ പറഞ്ഞു വരുന്നത്.
എല്ലാവരെയും അവരുടെ പരിമിതികളോടെ ഉൾകൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുക.
അത്രയേ ഉള്ളു ഗ്രാമാദര പരിപാടിക്ക് പിന്നിലെ ലക്ഷ്യം.
പരസ്പരം കുറ്റപ്പെടുത്താതെ മാന്യമായി പൊതു പ്രവർത്തനം കൈകാര്യം ചെയ്ത വ്യക്തിയാണ് താങ്കൾ. എങ്ങനെ സാധ്യമാകുന്നു
വിഴുപ്പലക്കുന്നതിലും അനാവശ്യമായി കുറ്റപ്പെടുത്തുന്നതിലും ഒരു നന്മയും ഇല്ല എന്ന് വിശ്വസിക്കുന്നു. അപ്പുറത്തുള്ള വ്യക്തി അല്ല ഒരു വിമർശത്തിന്റെയും ഹേതു. അവരുടെ നിലപാടുകൾ, ആശയങ്ങൾ ആണ്. അതിനോട് വിയോജിക്കാൻ ഒരാളെയും വ്യക്തിപരമായി താറടിക്കേണ്ടതില്ല.
ജനാധിപത്യത്തിൽ വിമർശത്തിനുള്ള വലിയ സ്പേസ് ഉണ്ട്. എന്റെ നിലപാട് മാത്രം ശരി, മറ്റുള്ളതെല്ലാം തെറ്റ് എന്നതല്ല ജനാധിപത്യത്തിന്റെ അർത്ഥം. എന്റെ ശരികൾ അല്ലാത്ത വേറെയും ശരികൾ ഉണ്ട്, അത് എനിക്ക് സ്വീകാര്യമല്ല, അതുകൊണ്ട് വിയോജിക്കുന്നു. അതാണ് ജനാധിപത്യത്തിന്റെ അന്തസ്സത്ത.
ഒരു വ്യക്തിയെ ടാർഗറ്റ് ചെയ്ത് അയാളെ ഓഡിറ്റ് ചെയ്യുന്ന ചില കുറിപ്പുകൾ, കമന്റുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണുന്ന ഒരു പ്രവണതയാണ്.
അത് തെറ്റാണ്. അങ്ങനെയുള്ള സമീപനം പൊതു രംഗത്ത് ഉള്ളവർ തിരുത്തണം.
പൊതു രംഗത്ത് ഇടപെടുന്ന ഒരാളും വിമർശത്തിന് അതീതരല്ല. പക്ഷേ അത് വ്യക്തിഹത്യയിലേക്ക് വഴി മാറുന്നത് ഒട്ടും ശുഭകരമല്ല.
വിഷയങ്ങളെ സംബന്ധിച്ചു
വിശാലമായി ചിന്തിക്കാനും ആഴത്തിലും പരപ്പിലും മനസ്സിലാക്കാനും നമുക്ക് സാധിക്കണം.
അങ്ങനെയെങ്കിൽ നമ്മുടെ പൊതുപ്രവർത്തനം സാർത്ഥകമാവും.
പടിയിറങ്ങുന്ന ഈ ഘട്ടത്തിൽ അവസാനമായി എന്താണ് പറയാനുള്ളത്.?
🎤അഴിമതിരഹിതമായ, സത്യസന്ധമായ, മനുഷ്യസേവനത്തിനായുള്ള ജനപ്രാതിനിധ്യമാണ് ഞാൻ എന്നും ലക്ഷ്യംവെച്ചിരുന്നത്.
ആ ദൗത്യം കളങ്കരഹിതമായി നിറവേറ്റുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
“ജനസേവനമാണ് ഏറ്റവും വലിയ പുണ്യ പ്രവൃത്തി
സത്യസന്ധതയും സമർപ്പണവുമാണ് ഒരു ജനപ്രതിനിധിയുടെ യഥാർത്ഥ ബഹുമതി.
സത്യസന്ധതയോടെ പ്രവർത്തിക്കുന്നവന് ജനങ്ങളുടെ മനസ്സിൽ നിത്യ സ്മാരകം പണിയാം.”
എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..
നാട്ടുകാരുടെ സ്നേഹം എന്നെ കൂടുതൽ പ്രചോദിപ്പിക്കുന്നു —
ജനങ്ങളുടെ വിശ്വാസം എന്നെ എന്നും മുന്നോട്ട് നയിക്കും.
വയനാട് ജില്ലാ പഞ്ചായത്ത്
വെള്ളമുണ്ട ഡിവിഷൻ മെമ്പർ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
എന്നീ നിലകളിലെ ഔദ്യോഗിക കാലാവധി പൂർണ്ണ സംതൃപ്തിയോടെ തികച്ചു. ജനങ്ങളുമായി ഇടപഴകികഴിഞ്ഞ അഞ്ചുവർഷങ്ങൾ.
ഒരിക്കലും മറക്കില്ല.
ഈ സേവന കാലത്തെ ഹൃദ്യമാക്കിത്തീർത്ത
എല്ലാവരോടും നന്ദി, സ്നേഹം, കടപ്പാടുകൾ.
ഈ കാലയളവിൽ
ജീവിതത്തിലേക്ക്
വന്നു പോയ വ്യക്തികൾ, അനുഭവങ്ങൾ ഏറെയാണ്. എല്ലാം ഓർമകളും പാഠങ്ങളുമായി എന്റെ കൂടെയുണ്ടാകും.
“കാലമിനിയുമുരുളും.
വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം.
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേൽക്കാം.”
സത്യപ്രതിജ്ഞ ചെയ്തു പുതിയ ഉത്തരവാദിത്വം ഏറ്റെടുത്ത പുതിയ സാരഥികൾക്ക് അഭിവാദ്യങ്ങൾ നേരുന്നു.
