ജില്ലയിലെ സ്കൂളുകളില്‍ കൈറ്റ് 662 റോബോട്ടിക് കിറ്റുകൾ വിന്യസിച്ചു

ജില്ലയിലെ സ്കൂളുകളില്‍ കൈറ്റ് 662 റോബോട്ടിക് കിറ്റുകൾ വിന്യസിച്ചു

കൽപറ്റ : ഈ അധ്യയന വർഷം മുതല്‍ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയില്‍ പഠനവും, പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജില്ലയിലെ 85 സ്കൂളുകളി‍ല്‍ 662 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചർ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) പൂർത്തിയാക്കി. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സര്‍ക്കീട്ട് നിര്‍മാണം, സെന്‍സറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയ മാതൃകകളും കണ്ടെത്താന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നത്.
സ്കൂളുകള്‍ക്ക് നല്‍കിയ റോബോട്ടിക് കിറ്റിലെ ആര്‍ഡിനോ ബ്രഡ് ബോര്‍ഡ്,ഐ ആര്‍ സെന്‍സര്‍, സെര്‍വോ മോട്ടോര്‍,ജമ്പര്‍ വെയറുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈറ്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ തയ്യാറാക്കലാണ് ആദ്യ പ്രവർത്തനം.

എ.ഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷന്‍ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാര്‍ട്ട് വാതിലുകള്‍ തയ്യാറാക്കലാണ് പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്തുനോക്കേണ്ട അടുത്ത പ്രവർത്തനം. കൂടുതൽ റോബോട്ടിക് കിറ്റുകള്‍ ആവശ്യമുള്ള സ്കൂളുകള്‍ക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കേണ്ട ജില്ലയിലെ 282 അധ്യാപകർക്ക് റോബോട്ടിക്സിനായുള്ള പ്രത്യേക പരിശീലനം കൈറ്റ് ജൂലൈ 31 നുള്ളിൽ പൂർത്തിയാക്കും. നിലവില്‍ നൽകിയ റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെ ചലിക്കുന്ന റോബോട്ടുകള്‍ ഉള്‍പ്പെടെ നിര്‍മിക്കാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് കിറ്റുകള്‍ ഈ വർഷം തന്നെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ, കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഈ വര്‍ഷം സ്കൂളുകളില്‍ പ്രത്യേക റോബോഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *