ജില്ലയിലെ ഏഴ് ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം

കൽപ്പറ്റ : ജില്ലയിലെ ഏഴ് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം. അടിസ്ഥാന സൗകര്യ വികസനം, രോഗിസൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധ നിയന്ത്രണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് അംഗീകാരം. ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് വിവിധ ഗുണമേന്മ മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍. അമ്പലവയല്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെ ആയുര്‍വേദ-ഹോമിയോപ്പതി സ്ഥാപനങ്ങളും വെങ്ങപ്പള്ളി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലെ ആയുര്‍വേദ സ്ഥാപനങ്ങളും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ഹോമിയോപ്പതി സ്ഥാപനങ്ങളിലാണ് അക്രഡിറ്റേഷന്‍ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

എന്‍.എ.ബി.എച്ച് ക്യാമ്പിന്റെ ഭാഗമായി ജില്ലയില്‍ ഭാരതീയ ചികിത്സാ, ഹോമിയോപ്പതി വകുപ്പുകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എ പ്രീത, ഡോ സി.വി ഉമ, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ്, ക്വാളിറ്റി നോഡല്‍ ഓഫീസര്‍മാരായ ഡോ എബി ഫിലിപ്പ്, മനു വര്‍ഗ്ഗീസ്, ഫെസിലിറ്റേറ്റര്‍മാരായ ഡോ. ശ്രീദാസ് എളപ്പില, ഡോ. ജിതിന്‍ ഔസേപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം ഏകോപിച്ചത്. എന്‍.എ.ബി.എച്ച് നാഷണല്‍ അസസ്റ്റര്‍ ഡോ ജിതിന്‍ കെ നായരുടെ നേതൃത്വത്തില്‍ ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി അസസ്‌മെന്റ് പരിശോധന പുരോഗമിക്കുകയാണെന്ന് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *