ജപ്തി തടയൽ: സർക്കാർ ഉത്തരവ് ജില്ല മുഴുവൻ ബാധകമാക്കണം – സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: വൈത്തിരി താലൂക്കിൽ ജപതികൾ തടഞ്ഞു കൊണ്ടുളള സർക്കാർ ഉത്തരവ് ജില്ലക്ക് മുഴുവൻ ബാധകമാക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസിസ് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പേമാരിയുടെ ദുരിതം ജില്ല മുഴുവൻ അനുഭവപ്പെട്ടിട്ടുണ്ട്. കാർഷിക, വ്യാപാര, തൊഴിൽ, ടൂറിസം മേഖലകളെല്ലാം ഇന്നും ഉണർന്നിട്ടില്ല. എല്ലാ മേഖലകളിലുള്ളവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസപ്പെടുകയാണ്. ബേങ്കുകളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും ജപ്തി – ലേല നടപടികളിൽ പൊറുതി മുട്ടി കഴിയുകയാണ് കർഷകരുൾപ്പെട്ട വയനാടൻ സമൂഹം.ജൂലൈയിൽ നിയമസഭ പാസാക്കിയ കേരള റവന്യു റിക്കവറി ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ വൈത്തിരി താലൂക്കിൽ പ്രഖ്യാപിച്ച ജപ്തി തടയൽ ഉത്തരവ് ജില്ലക്ക് മുഴുവൻ ബാധകമാക്കണം. മൊറോട്ടോറിയം കാലത്തെ പലിശ ഇളവും അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.