താമരശേരി : മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളെ ഇ.എസ്.എ (Ecologically Sensitive Area) യിൽ ഉൾപ്പെടുത്തിയത് യാതൊരു ആസൂത്രണമില്ലാതെയാണെന്നും നിരവധി ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വയനാട്ടിലെ ജനങ്ങൾ എപ്പോഴും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്. രാജ്യത്തെ എല്ലാ മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ് വയനാട്ടുകാർ. ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടം നടത്തിയതിന്റെ ചരിത്രം ഇവിടുത്തെ ജനങ്ങൾക്കുണ്ട്. ഇവിടുത്തെ തദ്ദേശീയ ജനങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ്. വയനാട്ടിലെ ജനങ്ങൾ എപ്പോഴും സാഹോദര്യത്തിലും ഐക്യത്തിലുമാണ് ജീവിക്കുന്നത്. സത്യത്തിനു വേണ്ടി പോരാടാൻ മഹാത്മാ ഗാന്ധിക്ക് പ്രചോദനം നൽകിയത് ഭഗവത്ഗീതയും ഖുർആനും ബൈബിളുമാണ്. നിങ്ങൾ എന്തു ചെയ്യുമ്പോഴും അതിൽ ഒരു സ്നേഹമില്ലെങ്കിൽ അതിന് മൂല്യമില്ലെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായപ്പോൾ ഇതേ മൂല്യങ്ങളാണ് ഭരണഘടനയിൽ ചേർത്തത്. സ്നേഹം, തുല്യത, സത്യം, നീതി, മതേതരത്വം എന്നീ മൂല്യങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം. സ്വാതന്ത്ര്യം ലഭിച്ച് ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഇതേ മൂല്യങ്ങൾക്ക് വേണ്ടിയാണ് ഇപ്പോഴും പോരാട്ടങ്ങൾ നടത്തുന്നത്. എൻ്റെ സഹോദരൻറെ പ്രതിച്ഛായ നശിപ്പിക്കാൻ വലിയ ക്യാമ്പയിൻ തന്നെ നടത്തിയെങ്കിലും വയനാട്ടിലെ ജനങ്ങൾ സത്യത്തിനു വേണ്ടി നിലകൊണ്ടു. ഈ ലോകം മുഴുവൻ എൻറെ സഹോദരനോട് പുറംതിരിഞ്ഞു നിന്നപ്പോഴും വയനാട്ടിലെ ജനങ്ങൾ അദ്ദേഹത്തിന് സ്നേഹം നൽകി.
രാജ്യത്തെ ജനങ്ങൾ കഴിഞ്ഞ 10 വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത ദുരിതമാണ്. നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ ബിസിനസുകാർക്ക് വേണ്ടി മാത്രമാണ് രാജ്യത്ത് നയങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. കർഷകരോട് യാതൊരുവിധ അനുധാവമോ ദയയോ ഇല്ല. രാജ്യത്തെ കർഷകരും ആദിവാസികളും ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്.പുതിയ ജോലികൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ ആരോഗ്യ സംവിധാനങ്ങളെ കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ കേന്ദ്രസർക്കാരിന് യാതൊരു ചിന്തയുമില്ല. ജനങ്ങളോട് യാതൊരു ബഹുമാനവും ഇല്ലാത്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കി. അനാവശ്യമായ നികുതി നിയമങ്ങൾ കൊണ്ടുവന്ന് ചെറുകിട കച്ചവടക്കാരെ തകർത്തു. റബറിന് താങ്ങുവില നൽകുമെന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലൻ എംപി, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, ദീപ ദാസ് മുൻഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എംഎൽഎ, ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, എം.കെ രാഘവൻ എംപി, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത്, ഡി.സി.സി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി, വി കെ ഹുസൈൻ കുട്ടി, കെ സി അബു ‘കെ ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ, വിഎം ഉമ്മർ, സി.കെ കാസിം, ബാബു പൈക്കാട്ടിൽ, അഡ്വ. പിസി നജീബ്, ബിജു താന്നിക്കാകുഴി, രാജേഷ് ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മ ഷരീഫ് പങ്കെടുത്തു.