ഗാന്ധിയൻ മൂല്യങ്ങളും ലഹരി വിരുദ്ധ ആശയങ്ങളും സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം: ഗാന്ധിജി കൾച്ചറൽ സെൻറർ

ഗാന്ധിയൻ മൂല്യങ്ങളും ലഹരി വിരുദ്ധ ആശയങ്ങളും സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം: ഗാന്ധിജി കൾച്ചറൽ സെൻറർ

കൽപ്പറ്റ : ലഹരിയും മദ്യവും മയക്കുമരുന്നുകളും മനുഷ്യ ശരീരത്തെയും മനസ്സിനെയും കാർന്നു തിന്നുന്ന മഹാവിപത്തായി മാറിയിരിക്കുന്ന ഇന്നത്തെ പ്രത്യേക കാലഘട്ടത്തിൽ ലഹരി വിരുദ്ധ ആശയങ്ങളും ഗാന്ധിയൻ മൂല്യങ്ങളും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗാന്ധിജി കൾച്ചറൽ സെൻറർ വയനാട് ജില്ലാ കമ്മിറ്റി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ലഹരി ഉപയോഗവും വ്യാപനവും തടയുവാൻ സർക്കാർ കൂടുതൽ കാര്യക്ഷമമായി ഇടപെടണം, സമൂഹം ഗാന്ധിജിയിൽ നിന്ന് അകന്നു പോയതാണ് ഇന്ന് നാം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസത്തിലൂടെ മാത്രമേ മഹത്തായ ആശയങ്ങളും ചിന്തകളും ഇളം തലമുറയ്ക്ക് പകർന്നു നൽകുവാൻ കഴിയൂ എന്ന യാഥാർത്ഥ്യം ബന്ധപ്പെട്ടവർ തിരിച്ചറിയണം. അതിനനുസരിച്ച് അതിന് ആവശ്യമായ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കുവാൻ വിദ്യാഭ്യാസ അധികൃതർ തയ്യാറാവണം.

പുതിയ ആശയ മണ്ഡലത്തിന് രൂപം കൊടുക്കുവാൻ സഹായകരമായ വിദ്യാഭ്യാസ ക്രമവും അതിനുതകുന്ന സിലബസിനും രൂപം കൊടുക്കുവാൻ നമുക്ക് കഴിയാതെ പോയതാണ് ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ആക്രമണ മനോഭാവത്തിനും രാജ്യദ്രോഹ തീവ്രവാദ പ്രവർത്തനങ്ങൾക്കും പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി. അതിനാൽ ആശയപ്രചരണത്തിനുള്ള പ്രധാന വേദിയായി വിദ്യാഭ്യാസത്തെ മാറ്റിയെടുക്കണം എന്ന് യോഗം അഭിപ്രായപ്പെട്ടു.ഗവൺമെൻറ് തുടക്കം കുറിച്ചിരിക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് ചേർന്ന് പ്രവർത്തിക്കുവാൻ ഗാന്ധിജി കൾച്ചറൽ സെൻറർ തയ്യാറാണെന്ന് ബന്ധപ്പെട്ട അധികൃതരെ അറിയിക്കും യോഗത്തിൽ ചെയർമാൻ കെ എ ആന്റണി അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സെൻറർ ഡയറക്ടർ പ്രിൻസ് അബ്രഹാം വിഷയാവതരണം നടത്തി, ജനറൽ സെക്രട്ടറി ആഗസ്റ്റിൻ വി എ, അബ്രഹാം വി സി, ജോൺ ചക്കാലക്കുടിയിൽ, പ്രഭാകരൻ പി, ജോർജ് കെ എം, ജോസ് പുന്നക്കുഴി, സജി ജോസഫ്, ഡോക്ടർ തരകൻ, അബ്രഹാം സി റ്റി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *