ക്വാണ്ടം സെഞ്ച്വറി എക്സിബിഷന്‍ ബത്തേരിയില്‍ 21 മുതല്‍ 25 വരെ

ക്വാണ്ടം സെഞ്ച്വറി എക്സിബിഷന്‍ ബത്തേരിയില്‍ 21 മുതല്‍ 25 വരെ

ബത്തേരി : ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറുവര്‍ഷത്തെ വളര്‍ച്ചയും ആധുനിക ശാസ്ത്ര-സാങ്കേതിക പ്രയോഗങ്ങളും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും എത്തിക്കുന്നതിനു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പോര്‍ട്ടല്‍ ലൂക്കയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി സയന്‍സ് എക്സിബിഷന്‍ 21 മുതല്‍ 25 വരെ സെന്റ് മേരീസ് കോളജില്‍ നടക്കും.സംഘാടക സമിതി ഭാരവാഹികളായ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍,സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.എ.വിജയകുമാര്‍,ഫിസിക്സ് വിഭാഗം മേധാവി ഡോ.ജയേഷ് ജോസ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രഫ.എസ്.കെ. ബാലഗോപാലന്‍,പരിഷത്ത് പ്രതിനിധി പി.ആര്‍. മധുസൂദനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.

ക്വാണ്ടം ശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ മുതല്‍ ക്വാണ്ടം കംപ്യൂട്ടിംഗ്,നാനോ ടെക്നോളജി, ക്വാണ്ടം ബയോളജി,ഫോറന്‍സിക് സയന്‍സ് തുടങ്ങിയ ആധുനിക മേഖലകള്‍ വരെ ഉള്‍ക്കൊള്ളുന്ന 28 വിഷയങ്ങളിലെ എക്സിബിറ്റുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടാകും.ഹോളോഗ്രാം, സിമുലേഷന്‍,വെര്‍ച്വല്‍ റിയാലിറ്റി,ലേസര്‍, സ്ഫിയറിക്കല്‍ പ്രൊജക്ഷന്‍ തുടങ്ങിയ നവീന സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രദര്‍ശനം.ക്വാണ്ടം ശാസ്ത്ര രംഗത്തെ നൊബേല്‍ പുരസ്‌കാര നേട്ടങ്ങള്‍,സി.വി.രാമന്‍ കണ്ടെത്തിയ രാമന്‍ പ്രഭാവം,പീരിയഡിക് ടേബിളിലെ മൂലകങ്ങള്‍ എന്നിവ നേരിട്ട് കാണാനുള്ള അവസരം ഉണ്ടാകും. ദിവസവും വൈകുന്നേരം ശാസ്ത്രപ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും നടക്കും.പ്രദര്‍ശനം ഉദ്ഘാടനം 21ന് രാവിലെ 11ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.എസ്.അനില്‍ നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *