ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്

ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്

കൽപ്പറ്റ : മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ(27), പോൽപുള്ളി,പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു(31), വാവുല്യപുരം, തോണിപാടം, കലാധരൻ(33) എന്നിവരെയാണ് ഹൈവേ പോലീസും കൽപ്പറ്റ പോലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്. കെ.എൽ.10 എ. ജി 7200 സ്‌കോർപിയയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ഇവരെ 12.07.2025 രാത്രിയിൽ കൈനാട്ടിയിൽ വെച്ച് പിടികൂടുകയായിരുന്നു. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. പിടികൂടിയ ഇവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി.

മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണിവർ. ഇവർ വയനാട് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും അലെർട്ട് ചെയ്യുകയും മേൽ വാഹനം കൈനാട്ടിയിൽ വച്ച് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.സബ് ഇൻസ്‌പെക്ടർമാരായ വിമൽ ചന്ദ്രൻ, എൻ. വി ഹരീഷ്കുമാർ, ഒ.എസ് ബെന്നി, എ എസ് ഐ മുജീബ് റഹ്മാൻ, ഡ്രൈവർ എസ്.സി.പി.ഒ പി.എം സിദ്ധിഖ്, സി.പി.ഒ എബിൻ, എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *