കുട്ടിത്താരങ്ങളെ : വാര്‍ത്തെടുക്കാന്‍ പ്രൈമറി ചാമ്പ്‌സുമായി ട്രന്റ്‌സ് സ്‌പോര്‍ട്‌സ് എഫ്.സി

കുട്ടിത്താരങ്ങളെ : വാര്‍ത്തെടുക്കാന്‍ പ്രൈമറി ചാമ്പ്‌സുമായി ട്രന്റ്‌സ് സ്‌പോര്‍ട്‌സ് എഫ്.സി

കല്‍പ്പറ്റ : കുട്ടിത്താരങ്ങളെ വാര്‍ത്തെടുക്കാന്‍ പ്രൈമറി ചാമ്പ്‌സുമായി ട്രന്റ്‌സ് സ്‌പോര്‍ട്‌സ് എഫ്.സി. ജില്ലയിലെ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്കായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കുട്ടികളില്‍ ഫുട്‌ബോള്‍ ഇഷ്ടം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ട്രെന്റ് സ്‌പോര്‍ട്‌സ് കല്‍പ്പറ്റയാണ് ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. പദ്ധതിയുടെ ഘടനയും കരിക്കുലവും തുടര്‍ പദ്ധതികളും രൂപകല്‍പന ചെയ്യുന്നതും ടൂര്‍ണമെന്റിന്റെ സ്ട്രാറ്റജിക് പാര്‍ട്ണറും വയനാട് ഫുട്‌ബോള്‍ ക്ലബാണ്. മൂന്ന് ഉപജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഫൈനല്‍ റൗണ്ടിലേക്ക് ടീമുകളെ തിരഞ്ഞെടുക്കുക. ഫെബ്രുവരി ആദ്യവാരത്തില്‍ നടത്തുന്ന ടൂര്‍ണമെന്റിലേക്ക് ഈ മാസം 18നുള്ളില്‍ സ്‌കൂളുകള്‍ രജിസ്റ്റര്‍ ചെയ്യണം. ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്ന താരങ്ങളില്‍ നിന്ന് ഉപജില്ലകളില്‍ 30 കുട്ടികളെ സ്ഥിരം ക്യംപിലേക്ക് തിരഞ്ഞെടുക്കും. മൂന്ന് ഉപജില്ലകളിലും ക്യാംപ് സെന്ററുകള്‍ ഉണ്ടാകും. ഇവിടെയായിരിക്കും കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. കുട്ടികളുടെ കായികക്ഷമത വളര്‍ത്തിയെടുക്കുക, ഡ്രോപ്ഔട്ട് തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് സൗജന്യമായി ജഴ്‌സിയും ഷോര്‍ട്‌സും ടൂര്‍ണമെന്റ് കമ്മിറ്റി നല്‍കും. 2015 ജനുവരി ഒന്നിന് ശേഷം ജനിക്കുന്ന കുട്ടികള്‍ക്കാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയുക. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 8848010702, 9447411702 നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ ഷാജി പാറക്കണ്ടി, സലീം കടവന്‍, ഷഫീഖ് ഹസന്‍ മഠത്തില്‍, നാസര്‍ കരുണിയന്‍, ഫൗജ് വി അബ്ബാസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *