പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ മാന്തോട്ടം കവല പ്രദേശത്തിലെ കനാലിന്റെ പുനർനിർമ്മാണത്തിനായി റോഡ് പൊളിച്ചിടുകയും ആറുമാസത്തിനുള്ളിൽ റോഡ് പുതുക്കി പണിയാമെന്ന് വാഗ്ദാനം നൽകിയിട്ടും രണ്ട് വർഷം കഴിഞ്ഞിട്ടും മാറ്റങ്ങളില്ല. തുടർന്ന് നിലവിലുള്ള ഇരുമ്പുപാലം സമീപവാസികൾക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ ജോസ് പുളിയംകുന്നത്ത് മുഖ്യമന്ത്രിക്കും, മന്ത്രി റോഷി അഗസ്റ്റിനും നിവേദനം കൊടുത്തെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. ഈ പ്രശ്നത്തെ മുൻനിർത്തി കെ.സി.വൈ.എം തരിയോട് മേഖല ഭാരവാഹികളും യുവജനങ്ങളും സമീപവാസികളും ചേർന്ന് നിലവിലുള്ള ഇരുമ്പു പാലത്തിൻറെ ശോചനീയാവസ്ഥയ്ക്കെതിരെയും മുന്നോട്ട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടും എത്രയും പെട്ടെന്ന് റോഡിൻ്റെ പണികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം നടത്തി. കുറുമ്പാല ഇടവക വികാരി ഫാ. ജോജോ കുടക്കച്ചിറ വിഷയത്തെക്കുറിച്ച് സംസാരിച്ചു. കെ.സി.വൈ.എം തരിയോട് മേഖലാ പ്രസിഡൻറ് അഭിനന്ദ് കൊച്ചുമലയിൽ സെക്രട്ടറി ഡേവിഡ് പാറയിൽ, ജോയിന്റ് സെക്രട്ടറി അയന പൂവത്തുകുന്നേൽ,കോഡിനേറ്റർ അലൻതോപ്പിൽ, രൂപത സിൻഡിക്കേറ്റ് അഞ്ജന തുണ്ടത്തിൽ മറ്റു സമീപവാസികൾ യുവജനങ്ങൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.