പുല്‍പ്പള്ളി : ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി കടമാന്‍തോട്, മാനന്തവാടി താലൂക്കിലെ എടവക തൊണ്ടാര്‍ ജലസേചന പദ്ധതികള്‍ക്ക് വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കുന്നതിന് ജലവിഭവ വകുപ്പ് 2.34 കോടി രൂപയുടെ ഭരണാനുമതി നല്‍കി.തിരുവനന്തപുരം ഐഡിആര്‍ബി ചീഫ് എന്‍ജിനിയര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. കടമാന്‍തോട് പദ്ധതിയുടെ പ്രാഥമിക ടോപ്പോഗ്രഫിക് സര്‍വേയ്ക്ക് 44 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും കടമാന്‍തോട്, തൊണ്ടാര്‍ പദ്ധതികളുടെ ഡിപിആര്‍ തയാറാക്കുന്നതിനു യഥാക്രമം 2,52,00,000 ഉം 2,63,00,000 ഉം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായും ചീഫ് എന്‍ജിനിയറുടെ കത്തില്‍ വ്യക്തമാക്കിയുന്നു. കേന്ദ്ര ജല കമ്മീഷന്‍ (സിഡബ്ലുസി)മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിപിആര്‍ തയാറാക്കുന്നതിന് വിവിധ ഘടകങ്ങളെക്കുറിച്ചുള്ള പഠനവും വിവിധ വകുപ്പുകളില്‍ നിന്നുള്ള അംഗീകാരവും ആവശ്യമാണ്. ഡിപിആര്‍ തയാറാക്കുന്നതിന് സംസ്ഥാനത്തിനു പുറത്തുള്ളതടക്കം യോഗ്യതയുള്ള ഏജന്‍സികളില്‍നിന്നു താത്പര്യപത്രം ക്ഷണിക്കണം. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് എന്‍ജിനിയര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കബനി സബ് ബേസിനില്‍നിന്നു കേരളത്തിനു അനുവദിച്ച 21 ടിഎംസി വെള്ളത്തില്‍
12 ടിഎംസി ഉപയോഗപ്പെടുത്തുന്നതിനു ജലവിഭവ വകുപ്പ് ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെട്ടതാണ് ഈ പദ്ധതികള്‍. നൂല്‍പ്പുഴ, ചുണ്ടാലി, കല്ലാപതി, ചേകാട്ട്, മഞ്ചാട്ട്, തിരുനെല്ലി, പെരിങ്ങോട്ടുപുഴ എന്നിവയും കബനി ബേസിനില്‍ പരിഗണിച്ച പദ്ധതികളാണ്.
1990ല്‍ രൂപീകരിച്ച കാവേരി നദീജലതര്‍ക്ക ട്രിബ്യൂണലിന്റെ 2007ലെ അന്തിമ വിധിയനുസരിച്ച് കബനി ജലത്തില്‍ 21 ടിഎംസി വയനാടിനു അവകാശപ്പെട്ടതാണ്. ഇതില്‍ ഏകദേശം ഒന്പതു ടിഎംസി വെള്ളമാണ് ബാണാസുര, കാരാപ്പുഴ അണകളിലടക്കം ജില്ലയില്‍ ഉപയോഗപ്പെടുത്തുന്നത്. ബാക്കി ജലം കര്‍ണാടകയിലേക്കു ഒഴുകുകയാണ്. കാരാപ്പുഴ അണയുടെ സംഭരണശേഷി 2.78ഉം ബാണാസുരസാഗര്‍ അണയുടേത് 6.7ഉം ടിഎംസിയാണ്. കബനിജലത്തില്‍ 21 ടിഎംസി ഉപയോഗിക്കാന്‍ കാവേരി നദീജല തര്‍ക്ക ട്രിബ്യൂണല്‍ കേരളത്തിനു നല്‍കിയ അനുമതിക്കു 2034 ഫെബ്രുവരി വരെയാണ് കാലാവധി.
കബനിയിലൂടെ കര്‍ണാടകയിലേക്കു പ്രവഹിക്കുന്നതില്‍ 0.697 ടിഎംസി വെള്ളം ഉപയോഗപ്പെടുത്തുകയാണ് കടമാന്‍തോട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്ക് 1.53 ടിഎംസി ജലം ഉപയോഗിക്കാന്‍ കാവേരി ട്രിബ്യൂണലിന്റെ അനുമതിയുണ്ട്. പുല്‍പ്പള്ളിക്ക് സമീപം ആനപ്പാറയില്‍ കബനി നദിയുടെ കൈവഴിയായ കടമാന്‍തോടിനു കുറുകെ അണ നിര്‍മിച്ച് സംഭരിക്കുന്ന ജലം 1,940 ഹെക്ടറില്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുന്ന വിധത്തിലാണ് കടമാന്‍തോട് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 0.3 ടിഎംസി ജലോപയോഗമാണ് തൊണ്ടാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എടവക പഞ്ചായത്തിലെ മൂളിത്തോടിനു കുറുകെയാണ് തൊണ്ടാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കടമാന്‍തോട്, തൊണ്ടാര്‍ പദ്ധതികളെ അനുകൂലിച്ചും പ്രതികൂലിച്ചും ജനം രംഗത്തുണ്ട്. ഈ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സമ്മര്‍ദത്തെത്തുടര്‍ന്നു സര്‍ക്കാര്‍ ജലിവിഭവ വകുപ്പ് മരവിപ്പിച്ചുവെന്നു പ്രചാരണം ഉണ്ടായിരുന്നു. ഇതിനിടെയാണ് രണ്ടു പദ്ധതികള്‍ക്കും ഡിപിആര്‍ തയാറാക്കുന്നതിന് ഭരണാനുമതിയായത്.