ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ  സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും

ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും

കൽപ്പറ്റ : കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും. ഇക്കെണ്ണ മോസസ് (28)നെയാണ് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്. ജോലി നൽകാം എന്ന് വിശ്വസിപ്പിച്ച് ചതിച്ചതിന് അഞ്ചു വർഷം, കാനഡ എമ്പസിയുടെ വ്യാജ വിസയടക്കമുള്ള രേഖകൾ നിർമ്മിച്ചതിന് അഞ്ചു വർഷം, വ്യാജ രേഖകൾ അസ്സൽ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചു നൽകിയതിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നൽകാനും തടവ് ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.

കൽപ്പറ്റ സ്വദേശിയായ യുവതിക്ക് കാനഡയിൽ മെഡിക്കൽ കോഡർ ജോലി നൽകാം എന്ന് വാഗ്ദാനം നൽകി കാനഡ, യുകെ രാജ്യങ്ങളുടെ മൊബൈൽ നമ്പർ വഴി ബന്ധപ്പെട്ട് 18 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 2023 ഡിസംബറിൽ ബാംഗ്ലൂരിൽ നിന്നും വയനാട് സൈബർ പോലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു.

കേസിൽ നൂതന സൈബർ സാങ്കേതിക തെളിവുകൾ സമർപ്പിക്കപ്പെട്ട് സംസ്ഥാനത്ത് വിദേശ പൗരൻ സൈബർ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെടുന്നത് അപൂർവമാണ്. പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എം.എ. നൗഷാദ്, അസിസ്റ്റന്റ് പ്രോസീക്യൂട്ടർമാരായ കെ.ആർ. ശ്യാം കൃഷ്ണ, അനീഷ് ജോസഫ് എന്നിവരും കേസ് അന്വേഷണത്തിൽ സഹായിക്കുന്നതിനായി സൈബർ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. കെ.എഅബ്ദുൽ സലാം എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *