തൃശൂർ : നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം.കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ പൊളിറ്റിക്കൽ സൈക്കോളജിസ്റ്റും സുപ്രീംകോടതി-ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. അവനീഷ് കോയിക്കരയെ യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.കഴിഞ്ഞ തവണ ഘടകകക്ഷിയിൽ നിന്ന് ഏറ്റെടുത്ത് ശോഭ സുബിനെ മത്സരിപ്പിച്ചെങ്കിലും മണ്ഡലത്തിൽ ഇരുപത്തിരണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചിരുന്നു.ഈ വലിയ വോട്ട് വിടവ് നികത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
എഐസിസി നിർദ്ദേശപ്രകാരം സുനിൽ കനഗോലുവ ടീം നടത്തിയ രഹസ്യ സർവേയിലും കൈപ്പമംഗലം ‘ഉറപ്പില്ലാത്ത മണ്ഡലങ്ങളുടെ’ പട്ടികയിലാണ്.ഇടത് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ഒരു ‘മാജിക്കൽ’ സ്ഥാനാർത്ഥി വേണമെന്ന കനഗോലുവിൻ്റെ വിലയിരുത്തലാണ് അവനീഷ് കോയിക്കര എന്ന പേരിലേക്ക് നേതൃത്വം എത്തിയത്.രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ അസാമാന്യ വൈഭവമുള്ള അവനീഷ് കോയിക്കരയ്ക്ക് മണ്ഡലത്തിൽ യുഡിഎഫ് അനുകൂല ചലനമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
കേവലം ഒരു അഭിഭാഷകൻ എന്നതിലുപരി, കഴിഞ്ഞ അഞ്ച് വർഷമായി തിരഞ്ഞെടുപ്പ് ഗോദയിൽ സ്ഥാനാർത്ഥികൾക്ക് ശാസ്ത്രീയ പരിശീലനം നൽകി അവരെ വിജയത്തിലെത്തിക്കുന്നതിൽ ശ്രദ്ധേയമായ റെക്കോർഡാണ് ഇദ്ദേഹത്തിനുള്ളത്.അവനീഷിന്റെ പരിശീലനം ലഭിച്ച 1823 പേർ വിവിധ തിരഞ്ഞെടുപ്പുകളിൽ ജനവിധി തേടിയതിൽ 1638 പേരെയും വിജയപീഠത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും ശ്രദ്ധേയം.
സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളെ സൈക്കോളജിക്കൽ രീതിയിൽ സമീപിക്കുന്ന അവനീഷ് എത്തുന്നതോടെ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. പതിവ് പ്രചാരണ ശൈലികൾക്ക് പകരം ശാസ്ത്രീയമായ തന്ത്രങ്ങളിലൂടെ കൈപ്പമംഗലത്തെ ‘ബാലികേറാമല’ കീഴടക്കാൻ ഈ രാഷ്ട്രീയ വിജയശിൽപിക്ക് കഴിയുമെന്നാണ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.
അങ്കമാലി സ്വദേശിയായ അവനീഷ് കോൺഗ്രസിന്റെ മുൻ വിദ്യാർത്ഥി നേതാവായിരുന്നു.2019ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കേരളത്തിലെ വാട്സാപ്പ് പ്രചാരണത്തിനും നേതൃത്വം നൽകി.ശശി തരൂരിന്റെ നിർദ്ദേശപ്രകാരമായിരുന്നു സ്റ്റേറ്റ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ അംഗമാക്കിയത്.
സൈക്കോലീഗൽ കൺസൾട്ടന്റ്,ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റ്,മാസ്റ്റർ മൈൻഡ് ട്രെയിനർ,സൈക്കോസ്പിരിച്വൽ മെന്റർ എന്നീ നിലകളിലും അഡ്വ.അവനീഷ് കോയിക്കര സുപരിചിതനാണ്.നിയമത്തിൽ ബിരുദധാരിയും സൈക്കോളജി,മാനേജ്മെന്റ്,ജേണലിസം എന്നിവയിൽ ബിരുദാനന്തര ബിരുദധാരിയുമാണ് .
