കൽപ്പറ്റ : ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഡി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ,ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ,കെ. കെ. ഗോപി. നാഥൻ മാസ്റ്റർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ജയകുമാർ ജോൺ ആണ് വിധി പ്രസ്താവിച്ചത്. എൻ.എം. വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുന്നതല്ലന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അഭിഭാഷകൻ അഡ്വ. ടി.എം റഷീദ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ച് കോടതി വിധി വന്നതോടെ രണ്ടാഴ്ചയിലേറെയായി വയനാട്ടിൽ നിലനിന്ന രാഷ്ട്രീയ പോരിനാണ് വിരാമമാകുന്നത്. പ്രതി ചേർക്കപ്പെട്ടവരെ ചോദ്യം ചെയ്യാമെന്നും അറസ്റ്റ് ഉണ്ടായാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ വിട്ടയക്കണമെന്നും വിധിയിലുണ്ട്. മറ്റ് കാര്യമായ ഉപാധികളൊന്നുമില്ലാതെയാണ് ജാമ്യം. ഡിസംബർ 24 – നാണ് എൻ.എം. വിജയനും മകനും വിഷം അകത്ത് ചെന്ന് ആശുപത്രിയിലാകുന്നത്. 27 – ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് പേരും മരിച്ചു. ആത്മഹത്യാ കുറിപ്പ് എന്ന പേരിൽ കത്ത് പുറത്ത് വന്നതിനെതുടർന്നാണ് കോൺഗ്രസ് നേതാക്കളെ പ്രതി ചേർത്തത്. ബത്തേരി ഡി.വൈ.എസ്.പി. അബ്ദുൾ ഷെറീഫാണ് കേസ് അന്വേഷിച്ച് ആയിരം പേജുള്ള കേസ് ഡയറി കോടതിയിൽ സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ച് ഉത്തരവ് വന്നിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടില്ല. ഇതിനിടെ നേതാക്കൾക്ക് ജാമ്യം ലഭിച്ചത് കോൺഗ്രസിന് വലിയ ആശ്വാസമായിട്ടുണ്ട്.