മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഇലക്ഷന്റെ നോമിനേഷൻ പ്രക്രിയ 19/08/2025 ചൊവ്വാഴ്ചയാണ് നടന്നത്.ഇലക്ഷൻ ബൈലോ പ്രകാരം 22 വയസ്സ് കഴിഞ്ഞ ഡിഗ്രി വിദ്യാർഥികൾക്ക് നോമിനേഷൻ നൽകുവാനും മത്സരിക്കുവാനും അവകാശമില്ല. എന്നാൽ പ്രസ്തുത നിയമത്തെ മാനിക്കാതെ മാനന്തവാടി ഗവൺമെന്റ് കോളേജിൽ റിട്ടേണിംഗ് ഓഫീസറുടെ സഹായത്തോടുകൂടി രണ്ട് എസ്എഫ്ഐ പ്രവർത്തകരുടെ നോമിനേഷൻ സ്വീകരിക്കുകയുണ്ടായി.ഇതിനെതിരെ മറ്റു സ്ഥാനാർത്ഥികൾ പരാതിപ്പെട്ടപ്പോൾ പരാതികൾ യൂണിവേഴ്സിറ്റി വഴി നൽകുവാനാൻ പറഞ്ഞ് ഇറക്കിവിടുകയാണ് റിട്ടേണിംഗ് ഓഫീസർ ചെയ്തത്. തുടർന്ന് എം എസ് എഫ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് മുത്തലിബ് ദ്വാരക എം എസ് എഫ് മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ഹസ്ബുള്ള കടവത്ത് മണ്ഡലം ജനറൽ സെക്രട്ടറി മിദ്ലാജ് മായൻ കോളേജ് യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഡി.എസ്.എസിനും കോളേജ് പ്രിൻസിപ്പലിനും പരാതി നൽകുകയും അഡ്വ.റഷീദ് പടയന്‍ മുഖാന്തരം മറ്റു നിയമപരമായ സാധ്യതകളെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു.ഡി എസ് എസിനും പ്രിൻസിപ്പലിനും പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ചെയർമാൻ സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് നോമിനേഷനുകൾ പിന്നീട് അസാധുവാക്കി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. ഇടത് സഹയാത്രികരായ അധ്യാപകരെ കൂട്ടുപിടിച്ച് വിദ്യാർത്ഥി യൂണിയൻ ഇലക്ഷനുകളെ അട്ടിമറിക്കാനുള്ള എസ്എഫ്ഐയുടെ പതിവ് നീക്കത്തിനെതിരെ ശക്തമായ രംഗത്ത് ഉണ്ടാകുമെന്ന് എംഎസ്എഫ് പ്രഖ്യാപിച്ചു.
