കൽപ്പറ്റ : ആസ്പിരേഷണല്‍ ജില്ലാ ബ്ലോക്ക് പദ്ധതി നിര്‍വ്വഹണത്തില്‍ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. തെരഞ്ഞെടുക്കപ്പെട്ട 6 സൂചകങ്ങളുടെ പൂര്‍ത്തീകരണം സമ്പൂര്‍ണ്ണ അഭിയാന് ക്യാമ്പെയിനിന്റെ സമാപനവും ജില്ലാ തല സമ്പൂര്‍ണ്ണതാ പ്രഖ്യാപനവും നടന്നു. മുട്ടില്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആസ്പിരേഷണല്‍ ജില്ലാ ബ്ലോക്ക് പദ്ധതി ജില്ലാതല സമ്പൂര്‍ണ്ണതാ പ്രഖ്യാപനം നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണതാ അഭിയാന് ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളുടെ പൂര്‍ത്തീകരണത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ മേല്‍ നോട്ടത്തിന് ബ്ലോക്കുകളുടെ ചുമതല നല്കപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍, ആസ്പിരേഷണല്‍ ബ്ലോക്ക് ഫെലോസ് എന്നിവരെയും യോഗത്തില്‍ അനുമോദിച്ചു. ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന 4 ബ്ലോക്കു പഞ്ചായത്തുകളേയും യോഗത്തില്‍ പ്രത്യേകം ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, അസിസ്റ്റന്റ് കളക്ടര്‍ ഗൗതം.എസ്.രാജ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.പ്രസാദന്‍, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ കെ.എസ്.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. *ലക്ഷ്യം ജില്ലയുടെ ഉന്നമനം*രാജ്യത്തെ പിന്നാക്കം നില്ക്കുന്ന ജില്ലകളേയും ബ്ലോക്കുകളേയും വികസന പാതയിലേക്ക് കൊണ്ട് വരാനും അത് വഴി ആഗോള തലത്തില്‍ രാജ്യത്തിന്റെ മാനവ പുരോഗതി സൂചിക മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായാണ് ആസ്പിരേണല്‍ ജില്ലാ-ബ്ലോക്ക് പദ്ധതികള്‍ ആവിഷ്കരിച്ചത്. ദേശീയ-സംസഥാന-പ്രാദേശിക പദ്ധതികളുടെ കേന്ദ്രീകരണം, ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനം, ജില്ലകള്‍ തമ്മിലുളള മത്സരക്ഷമത, കൂട്ടായ മുന്നേറ്റം വഴി പിന്നാക്ക ജില്ലകളെ ദ്രതഗതിയില്‍ ഫലപ്രദമായി പരിവര്‍ത്തിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ-പോഷണ മേഖല, വിദ്യാഭ്യാസം, കൃഷി-ജല വിഭവം, സാമ്പത്തിക-നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ അഞ്ച് മേഖലകളിലെ പുരോഗതിയാണ് ഈ പദ്ധതികളുടെ കീഴില്‍ വിലയിരുത്തുന്നത്.*നീതി ആയോഗിന്റെ മേല്‍നോട്ടം*ദേശീയ തലത്തില്‍ നീതി ആയോഗിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുളള സെന്‍ട്രല്‍ പ്രഭാരി ഓഫീസറെ നീതി ആയോഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയാണ് സംസഥാന പ്രഭാരി ഓഫീസര്‍. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് ജില്ലാതല നോഡല്‍ ഓഫീസര്‍.ജില്ലാതലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി എല്ലാമാസവും ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നുണ്ട്. ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ വിവിധ വിഷയ മേഖലകളില്‍ കൈവരിച്ചിട്ടുളള ഇതുവരെയുള്ള നേട്ടങ്ങള്‍ അടിസ്ഥാനമാക്കി 19 കോടി രൂപ ഇതിനകം വയനാട് ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ 8 കോടി രൂപയുടെ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു.