• admin

  • February 11 , 2020

കണ്ണൂര്‍ :

ഹരിത പെരുമാറ്റച്ചട്ടം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന് ഹരിത കേരള മിഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ. വീട് ഹരിതമായാല്‍ മാത്രമേ നാട് ഹരിതമാകൂയെന്നും അവര്‍ പറഞ്ഞു. പരിയാരം ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്ന ഡോ. ടി എന്‍ സീമ.സംസ്ഥാനത്ത് സമ്പൂര്‍ണ ശുചിത്വം പ്രഖ്യാപിച്ചിട്ടുള്ള രണ്ടാമത്തെ പഞ്ചായത്താണ് പരിയാരം.  300ലധികം പഞ്ചായത്തുകള്‍ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താകാന്‍ തയ്യാറെടുക്കുകയാണ്.  കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 20,000 കിലോമീറ്ററിലധികം തോടുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. 30,000 ലധികം സ്ത്രീകള്‍ ഇന്ന് ഹരിത കര്‍മ്മ സേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളുടെ മുന്‍കൈ കേരളത്തിന്റെ പ്രാദേശിക വികസനത്തില്‍ കൂടുതല്‍ ദൃശ്യമാകുന്നുണ്ടെന്നും ഡോ. ടി എന്‍ സീമ കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തില്‍ സ്ഥാപിച്ച ഏഴാമത് ബോട്ടില്‍ ബൂത്തിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തെന്ന ലക്ഷ്യത്തിനായി വിവിധങ്ങളായ പരിപാടികളാണ് പരിയാരം പഞ്ചായത്ത്  നടപ്പാക്കിയത്. 10 മുതല്‍ 15 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച നാനോ ക്ലസ്റ്ററുകള്‍ വഴി ഗൃഹസന്ദര്‍ശനം, സര്‍വെ, പഞ്ചായത്ത് മെമ്പര്‍ ചെയര്‍മാനും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്‍വീനറുമായുള്ള 18 വാര്‍ഡ്തല ശുചിത്വ സമിതികള്‍, വിജിലന്‍സ് സ്‌ക്വാഡുകള്‍, ആരോഗ്യ സേനകള്‍, ഗ്രാമസഭകള്‍, സ്‌പെഷല്‍ ഗ്രാമസഭകള്‍, ബോധവല്‍കരണ ക്ലാസുകള്‍, കണ്‍വെന്‍ഷനുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, പനങ്ങാട്ടൂര്‍ സ്‌കൂള്‍, കാഞ്ഞിരങ്ങാട് സ്‌കൂള്‍ എന്നിവിടങ്ങളിലായി 12 പൊതു ടോയ്‌ലറ്റുകള്‍, ഒരു കമ്മ്യൂണിറ്റി ടോയ്‌ലറ്റ് എന്നിവയും നിര്‍മ്മിച്ചു. പാതയോരം ഹരിതയോരം മാതൃകാ പദ്ധതിയുടെ ഭാഗമായി 9.1 കി.മീ ദേശീയ പാതയും ആറ് കി.മീ സംസ്ഥാന പാതയുമടക്കം പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ റോഡുകളും ആയിരത്തിലധികം സന്നദ്ധ പ്രര്‍ത്തകരെ ഉള്‍പ്പെടുത്തി ശുചീകരിച്ചു. ഏഴ് ബോട്ടില്‍ ബൂത്തുകള്‍, സിസിടിവികള്‍, പൂന്തോട്ടങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും ശുചീകരിച്ച റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്ലാസ്റ്റിക്, ഖര  ദ്രവ  ഇമാലിന്യ പരിപാലന നിയമാവലി പാസാക്കുകയും പഞ്ചായത്ത് ഓഫീസ്, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അവ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. നൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന പൊതുസ്വകാര്യ ചടങ്ങുകള്‍ക്ക് ഹരിത നിയമാവലിയും വിവാഹ രജിസ്‌ട്രേഷന് ഹരിത സാക്ഷ്യപത്രവും നിര്‍ബന്ധമാക്കി. നിരോധിത പ്ലാസ്റ്റിക്, ഫഌ്‌സ് എന്നിവക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി 21 കേസുകളില്‍ പിഴ ഈടാക്കി. സ്‌കൂളുകളില്‍ മഷിപ്പേന പ്രോല്‍സാഹിപ്പിക്കുകയും പെന്‍സില്‍ ക്യാമ്പുകള്‍ നടത്തുകയും പെന്‍ ബൂത്തുകള്‍, വേസ്റ്റ് ബിന്നുകള്‍ എന്നിവ സ്ഥാപിക്കുകയും ശുചിത്വ ക്ലാസുകള്‍, ശുചിത്വ പ്രതിജ്ഞ, ശുചിത പാര്‍ലമെന്റ് എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങള്‍ ശുചീകരിക്കുകയും വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ശുചിത്വ സംവിധാനങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്ന കാര്യത്തില്‍ മികച്ച മാതൃകകള്‍ കാഴ്ചവച്ച വ്യക്തികളെയും സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു.