• admin

  • January 20 , 2022

കോഴിക്കോട് : ഹണി ട്രാപ്പിന് ശ്രമം. വയനാട് സ്വദേശിയായ യുവതിയും യുവാവും അറസ്റ്റിൽ. യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്നവീഡിയോ പകര്‍ത്തി, പണം തട്ടി.           സമൂഹിക മാധ്യമം വഴി പരിചയപ്പെട്ടയാളെ വശീകരണക്കെണിയൊരുക്കി ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ടുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.   മാനന്തവാടി വേമം ചീരക്കാട് വീട്ടിൽ എം. ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കൽ നജു മൻസിലിൽ ഫൈജാസ് (30) എന്നിവരാണ് പിടിയിലായത്.   ചൊവ്വാഴ്ച രാത്രിയോടെയാണ് യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസിൽ ഇരിങ്ങല്ലൂരിലെ ഫ്ളാറ്റിലേക്ക് കാസർകോട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തിയത്. മുറിയിൽ പ്രവേശിച്ച ഉടൻ ഭർത്താവെന്നവകാശപ്പെട്ട് ഒരാൾ എത്തുകയും ഇരുവരും ചേർന്ന് മർദിച്ചതായും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിയിൽ പറയുന്നു. കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈൽഫോണും 1500 രൂപ ഗൂഗിൾപേ വഴിയും തട്ടിയെടുത്തതായി യുവാവിന്റെ പരാതിയിലുണ്ട്.   ബുധനാഴ്ച രാവിലെ പോലീസ് ഫ്ളാറ്റിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ. ജോസ്, സബ് ഇൻസ്പെക്ടർ ധനഞ്ജയദാസ്, എസ്.സി.പി.ഒ.മാരായ രൂപേഷ്, ഷീന ജോർജ്, സി.പി.ഒ.മാരായ എം. രഞ്ജിത്ത്, രാജേഷ്, അബ്ദുൾ റഷീദ് തുടങ്ങിയവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്.   പ്രതി ഫൈജാസ് നേരത്തേ തിരുവനന്തപുരത്ത് ആയുധം കൈവശംവെച്ച കേസിലും പ്രതിയാണ്.