• Lisha Mary

  • March 17 , 2020

തിരുവനന്തപുരം : സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സെന്‍സസുമായി സഹകരിക്കാന്‍ യോഗത്തില്‍ ധാരണയായി. സെന്‍സസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ നിന്നാണ് (എന്‍.പി.ആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍.ആര്‍.സി) പോകുന്നത്. എന്നാല്‍ എന്‍.പി.ആര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ട് 2019 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല, ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. സെന്‍സസിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ രാജ്യത്തിന്റെ ആസൂത്രണത്തിനും വളര്‍ച്ചയ്ക്കും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സെന്‍സസ് നടത്തേണ്ടതുണ്ട്. രണ്ടുഘട്ടമായാണ് സെന്‍സസ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കലുമാണ് മെയ് 1 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടത്തേണ്ടത്. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി 9 മുതല്‍ 28 വരെയാണ്. സെന്‍സസ് സംബന്ധിച്ച ചോദ്യാവലിയില്‍ 31 ചോദ്യങ്ങളാണുള്ളത്. 2011-ലെ ചോദ്യങ്ങളുമായി ഇതിനു കാര്യമായ വ്യത്യാസമില്ല. കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ 31 ചോദ്യങ്ങള്‍ മാത്രമേ ചോദിക്കുകയുള്ളൂ. രാജ്യത്ത് ഇന്ന് നിലവിലുള്ള സാഹചര്യത്തില്‍ സെന്‍സസിനെ കുറിച്ച് ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. ഈ ആശങ്കകള്‍ അകറ്റാനുള്ള തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അതുകൊണ്ട് സെന്‍സസുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആനത്തലവട്ടം ആനന്ദന്‍ (സിപിഐഎം), കാനം രാജേന്ദ്രന്‍ (സി.പി.ഐ), തമ്പാനൂര്‍ രവി (കോണ്‍ഗ്രസ്), ജോര്‍ജ്ജ് കുര്യന്‍ (ബിജെപി), ഡോ. എം.കെ. മുനീര്‍ (മുസ്ലീം ലീഗ്), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), സി.കെ. നാണു, മാത്യു ടി തോമസ് (ജനതാ ദള്‍), എ.എ. അസീസ് (ആര്‍.എസ്.പി), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ്ജ്, കെ.ബി. ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി), സുരേന്ദ്രന്‍ പിള്ള, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.