• admin

  • February 15 , 2020

കാക്കനാട് : വീടുകളിലേക്ക് നേരിട്ട് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് അനുമതി നല്‍കി. തൃപ്പൂണിത്തുറ, ഏലൂര്‍ നഗരസഭകളില്‍ പദ്ധതി നടപ്പാക്കുന്നതിനായി പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ജില്ലാ കളക്ടര്‍ നല്‍കി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയില്‍ ആദ്യ ഘട്ടത്തില്‍ 10 വാര്‍ഡുകളിലായി 7500 കണക്ഷനുകളാണ് നല്‍കുന്നത്. ഏലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ആദ്യ ഘട്ടത്തില്‍ ആറ് വാര്‍ഡുകളിലായി 3500 കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തൃക്കാക്കര നഗരസഭയില്‍ 7500 ഗാര്‍ഹിക കണക്ഷനുകള്‍ക്കുള്ള നടപടികള്‍ പൂര്‍ത്തിയായതായി യോഗത്തില്‍ അദാനി ഗ്യാസ് ജില്ലാ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജയ് പിള്ള കളക്ടറെ അറിയിച്ചു.