• admin

  • March 26 , 2022

കൽപ്പറ്റ : ആരോഗ്യ , വിദ്യാഭ്യാസ, കാര്‍ഷിക, ക്ഷേമ മേഖലകളെ ചേര്‍ത്ത് പിടിച്ച് വയനാട് ജില്ലാ പഞ്ചായത്തിന്റെ 2022- 23 വാര്‍ഷിക ബജറ്റ്. ജില്ലയുടെ സമഗ്രമേഖലയേയും സ്പര്‍ശിക്കുന്ന ബജറ്റില്‍ 76,83,41,960 രൂപ പ്രതീക്ഷിത വരവും 76,32,50,000 രൂപ ചെലവും 50,91,960 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. 2020 - 25 ഭരണ സമിതിയുടെ രണ്ടാമത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എസ്. ബിന്ദുവാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   ഭവനരഹിതരില്ലാത്ത വയനാടിനും കോവിഡ് കാലത്ത് താങ്ങായ ക്ഷീരമേഖലയ്ക്കും മുന്തിയ പരിഗണന നല്‍കിയതോടൊപ്പം ജില്ലയുടെ .കായിക സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നതിനുളള പദ്ധതികളും ബജറ്റിലുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ മുന്നേറുന്നതിനും സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ എന്നിവരുടെ ക്ഷേമത്തിനും ബജറ്റ് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ജനമനസ്സറിയാന്‍ പരിപാടിയിലൂടെ ജനങ്ങളില്‍ നിന്നും നേരിട്ട് ലഭിച്ച പദ്ധതി നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെട്ടു. സകൂളുകളില്‍ ജല ഗുണ നിലവാര പരിശോധന ലാബുകള്‍, തെരുവ് നായകളില്‍ ചിപ്പ് സംവിധാനം ഏര്‍പ്പെടുത്തല്‍, സ്‌കൂളുകളില്‍ സ്പോര്‍ട്സ് അക്കാദമി, ഒരു സ്‌കൂള്‍ ഒരു ഗെയിം പദ്ധതി, ടൈപ്പ് വണ്‍ പ്രമേഹ രോഗ നിര്‍ണ്ണയത്തിനുളള നൂതന ഉപകരണങ്ങള്‍ നല്‍കല്‍ തുടങ്ങിയ വേറിട്ട പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു.   സമഗ്ര ആരോഗ്യ പുരോഗതിയ്ക്ക് 10.95 കോടി, ഭവന നിര്‍മ്മാണത്തിന് 7 കോടി, വിദ്യാഭ്യസ മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിന് 5.51 കോടി, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 4.40 കോടി, റോഡ് പ്രവൃത്തികള്‍ക്ക് 4.25 കോടി, മൃഗ സംരക്ഷണ- ക്ഷീര വികസനത്തിന് 3.75 കോടി, വനിതകളുടെ ഉന്നമനത്തിനായി 2.65 കോടി, കുടിവെളള പദ്ധതികള്‍ക്ക് 2.50 കോടി, ശുചിത്വ മാലിന്യ സംസ്‌ക്കരണത്തിന് 2 കോടി, ദാരിദ്ര ലഘൂകരണത്തിന് 1 കോടി, വൃദ്ധര്‍, പെയിന്‍ & പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 1.32 കോടി, കുട്ടികള്‍,ഭിന്നശേഷികാര്‍ എന്നിവര്‍ക്കായി 1.32 കോടി രൂപ എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.   പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍   · ജില്ലയിലെ നെല്‍കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിനുമായി 3.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊയ്ത് മെതിയന്ത്രം വാങ്ങുന്നതിന് 50 ലക്ഷം രൂപയും മാനന്തവാടിയില്‍ ആധുനിക മണ്ണ് പരിശോധന ലാബ് സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചു. · പാല്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ക്ഷീരമേഖലയ്ക്ക് 2.5 കോടി രൂപ വകയിരുത്തി. · തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് എ.ബി.സി പദ്ധതിയില്‍ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തില്‍ സര്‍ജിക്കല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് 50 ലക്ഷം. ജില്ലയിലെ രണ്ടാമത്തെ യൂണിറ്റായിരിക്കും ഇത്. പിടികൂടുന്ന നായകളില്‍ ചിപ്പ് ഘടിപ്പിച്ച് നിരീക്ഷിക്കുന്ന സംവിധാനവും ഒരുക്കും. · ജില്ലാ മൃഗാശുപത്രിയില്‍ ലാബ് നവീകരണം - 50 ലക്ഷം · തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ മാതൃക സ്മാര്‍ട്ട് റൂം ഒരുക്കുന്നതിന് 70 ലക്ഷം രൂപ. ആദ്യ ഘട്ടത്തില്‍ കാക്കവയല്‍ ഹൈസ്‌ക്കൂളില്‍ ഇന്ററാക്ടീവ് പാനല്‍ ബോര്‍ഡു ഉള്‍പ്പെടയുളള സംവിധാനം ഏര്‍പ്പെടുത്തും. · വിദ്യാലയങ്ങളില്‍ ഇ - ലൈബ്രറി - 50 ലക്ഷം · ആധുനിക സയന്‍സ് ലാബുകള്‍- 25 ലക്ഷം. · സകൂളുകളില്‍ ജല ഗുണ നിലവാര പരിശോധന ലാബുകള്‍ -10 ലക്ഷം. · ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗേള്‍സ് റസ്റ്റ് റൂം ഒരുക്കുന്നതിന് 50 ലക്ഷം · ആസ്ബറ്റോസ് രഹിത വിദ്യാലത്തിനായി 1 കോടി രൂപ · ഒരു സ്‌കൂള്‍ ഒരു ഗെയിം പദ്ധതിയ്ക്ക് 50 ലക്ഷം · ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ സ്പോര്‍ട്സ് അക്കാദമികള്‍ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ. ഒരോ ഫുട്ബോള്‍, വോളിബോള്‍ അക്കാദമികളാണ് സ്ഥാപിക്കുക. · വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ശുചിത്വ ബോധവും ആരോഗ്യ സുരക്ഷയും ഒരുക്കുന്നതിന് സ്‌കൂള്‍ ആരോഗ്യ ഗ്രാമസഭ - 20 ലക്ഷം · ഹൈസ്‌ക്കൂള്‍ , ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഇ- ഹാജര്‍ പട്ടിക -10 ലക്ഷം · സ്‌കൂളുകളില്‍ ഓപ്പണ്‍ ഹെല്‍ത്ത് ക്ലബ് - 50 ലക്ഷം · സ്‌കൂളുകളില്‍ കൃഷി വകുപ്പുമായി ചേര്‍ന്ന് കിച്ചണ്‍ ഗാര്‍ഡന്‍ പദ്ധതി - 20 ലക്ഷം · വിദ്യാര്‍ത്ഥികളെ സ്‌കോര്‍ഷിപ്പ് പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിന് പരിശീലന പദ്ധതി - 10 ലക്ഷം · ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് ജില്ലയില്‍ ഓപ്പാണ്‍, ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 1 കോടി. · കലാ കായിക മേഖലയില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് പുരസ്‌ക്കാരം നല്‍കുന്നതിന് 10 ലക്ഷം. · വനിതകള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് - 25 ലക്ഷം · ജീവനം പദ്ധതിയ്ക്ക് 1 കോടി · ക്യാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് 20 ലക്ഷം. · ടൈപ്പ് വണ്‍ പ്രമേഹ രോഗ നിര്‍ണ്ണയത്തിനുളള നൂതന ഉപകരണങ്ങള്‍ നല്‍കല്‍ 40 ലക്ഷം. · അന്യം നിന്ന് പോകുന്ന പാരമ്പര്യ വൈദ്യം, നാട്ട് ചികില്‍സ എന്നിവയുടെ സംരക്ഷണത്തിന് 25 ലക്ഷം. · വിസിറ്റ് വയനാട് പദ്ധതിയില്‍ ഇടത്താവളങ്ങള്‍ ഒരുക്കുന്നതിന് 1 കോടി രൂപ. ആദ്യ ഘട്ടത്തില്‍ സ്ഥലം ലഭ്യമായ വൈത്തിരി, പടിഞ്ഞാറത്തറ, വെളളമുണ്ട, തിരുനെല്ലി പഞ്ചായത്തുകളില്‍ പദ്ധതി ആരംഭിക്കും.