• admin

  • February 10 , 2020

ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ വിശാല ബെഞ്ചിനു വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണു വിധി പറഞ്ഞത്. ഏഴു ചോദ്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. 17 മുതല്‍ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ ബുധനാഴ്ച മുതല്‍ കേള്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്. യുവതീ പ്രവേശനം എതിര്‍ക്കുന്നവര്‍ക്കായി കെ. പരാശരന്‍ വാദം നയിക്കും. ഒന്‍പതംഗ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരിഗണനാ വിഷയങ്ങള്‍ 1. ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ? 2. 25-ാം അനുച്ഛേദത്തില്‍ പറഞ്ഞിട്ടുള്ള ധാര്‍മികതയുടെ നിര്‍വചനം എന്താണ്? 3. പ്രത്യേക മത വിഭാഗങ്ങളുടെ അവകാശങ്ങളും മൗലികാവകശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? 4. മതസ്വാതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം? 5. മതവിശ്വാസവുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നത് ശരിയോ? 6. പ്രത്യേക മത വിഭാഗങ്ങളുടെ അവകാശങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് വിധേയമോ? 7.അനുച്ഛേദം 25(ബി)യില്‍ പറയുന്ന ഹിന്ദു വിഭാഗങ്ങള്‍ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത് എന്ത്? ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് തെറ്റാണെന്ന ഫാലി എസ് നരിമാന്റെ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വിശാലബെഞ്ചിന് വിട്ടതിനെ എതിര്‍ക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വാദങ്ങള്‍ വിശദമായി കേട്ടാണ് ഉത്തരവിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പുന:പരിശോധന ഹര്‍ജിയില്‍ ഉയരുന്ന നിയമപ്രശ്‌നങ്ങള്‍ വിശാല ബെഞ്ചിന് വിടാനാകുമോയെന്നതിനാണ് കോടതി ഉത്തരം നല്‍കേണ്ടത്. വിധിയില്‍ പിഴവുണ്ടെന്ന് കണ്ടെത്തി പുന:പരിശോധന ഹര്‍ജി അനുവദിച്ച ശേഷം കേസ് വിശാല ബെഞ്ചിന് വിടുന്നതില്‍ തെറ്റില്ലെന്നും, പുനഃപരിശോധന ഹര്‍ജികള്‍ പരിഗണനയില്‍ നിലനിര്‍ത്തി വിശാല ബെഞ്ചിന് വിട്ടത് തെറ്റാണെന്നും മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്‍ വാദിച്ചു. സംസ്ഥാനസര്‍ക്കാര്‍ ഇതിനെ പിന്തുണച്ചു. ഒമ്പതംഗ ബെഞ്ചിന്റെ തീര്‍പ്പ് എന്തായാലും ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുമ്പോള്‍ ബാധകമാകും. അതിനാല്‍ ശബരിമല കേസിന്റെ മെറിറ്റില്‍ തീരുമാനമെടുക്കില്ലെന്ന് കോടതി പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത വാദിച്ചു. വിധിയില്‍ തെറ്റൊന്നും കണ്ടെത്താതെ കേസ് വിശാല ബെഞ്ചിന് വിട്ടത് ഒരു ജഡ്ജിയുടെ ഉത്തരവിനെതിരെ മറ്റൊരു ജഡ്ജി അപ്പീല്‍ നല്‍കുന്നതിന് തുല്യമാണെന്നായിരുന്നു ഇന്ദിര ജെയ്‌സിങിന്റെ വാദം. പുനഃപരിശോധന ഹര്‍ജികളല്ല, അതിലെ നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് വിശാല ബെഞ്ചിന് വിട്ടതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സുപ്രീംകോടതിക്ക് അധികാരം പരിമതികളില്ലാത്തതാണെന്നും വിശാല ബെഞ്ചിന് വിട്ടതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ വാദിച്ചു.