ന്യൂഡല്‍ഹി :
ശബരിമല കേസില്‍ വിശാല ബെഞ്ച് രൂപീകരിച്ചത് പരിശോധിക്കാന്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. വിശാലബെഞ്ചിന് മുന്നിലുള്ള ചോദ്യങ്ങള്‍ക്ക് ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് ഫാലി എസ് നരിമാന്‍ വാദിച്ചു. ക്ഷേത്ര വിശ്വാസികളെ പ്രത്യേക മതവിഭാഗമായി കാണാന്‍ ആകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വിശാല ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതിക്ക് വ്യക്തമായ അധികാരമുണ്ടെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചിരിക്കുന്നത്. നവംബര്‍ 14ലെ ഉത്തരവ് പ്രകാരമാണ് വിശാല ബെഞ്ച് രൂപീകരിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ശബരിമല കേസില്‍ കക്ഷിയല്ലാത്തവര്‍ പോലും തടസ്സങ്ങളുമായി വരുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ചില നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് വിശാല ബെഞ്ചിന് വിട്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാല്‍ ഇതിനെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി. എസ്. നരിമാന്‍ എതിര്‍ത്തു. സുപ്രീം കോടതിയുടെ മുന്നില്‍ ശബരിമല കേസുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുന്നു. ശബരിമല കേസില്‍ ഒന്നിനെതിരെ നാല് എന്ന ഭൂരിപക്ഷ വിധിയില്‍ ശബരിമല വിശ്വാസികളെ പ്രത്യേക മതവിഭാഗമായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതു ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹര്‍ജി കോടതിയുടെ മുന്നില്‍ ഉള്ളപ്പോള്‍ ആ ഹര്‍ജികള്‍ ആദ്യം കേള്‍ക്കുക എന്നതായിരുന്നു കോടതി ആദ്യം ചെയ്യേണ്ടിയിരുന്നത്. പക്ഷെ അതിന് പകരം സമാനമായ മറ്റ് വിഷയങ്ങള്‍ ചേര്‍ത്തുകൊണ്ട് ചോദ്യാവലി തയ്യാറാക്കി അത് വിശാലബെഞ്ചിന് വിട്ടത് ശരിയായില്ലെന്ന് നരിമാന്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ വിധിയില്‍ തെറ്റുകളോ പിഴവുകളോ ഉണ്ടോയെന്നാണ് പുനഃപരിശോധനാ ഹര്‍ജിയില്‍ പരിശോധിക്കുക. പക്ഷെ അതിന് പകരം മറ്റ് വിഷയങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ഇത് വിശാല ബെഞ്ചിന്റെ മുന്നിലേക്ക് പോകുന്നത്. അതേസമയം പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുമില്ലെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി.
വിശാല ബെഞ്ചിന് വിട്ട വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വസ്തുതകള്‍ അറിയാതെ എങ്ങനെ തീര്‍പ്പാക്കുമെന്ന് നരിമാന്‍ ചോദിച്ചു.
അതേസമയം എന്തുകൊണ്ട് ഈ വിഷയങ്ങളെല്ലാം ഒന്നിച്ചു പരിഗണിച്ചുകൂട എന്നാണ് ചീഫ് ജസ്റ്റിസ് ഈ ഘട്ടത്തില്‍ ചോദിച്ചത്. ആ വിഷയങ്ങള്‍ തീര്‍പ്പാക്കിയതിന് ശേഷം ശബരിമല കേസ് തീര്‍പ്പാക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാനമായ സംഭവങ്ങള്‍ മറ്റ് മതങ്ങളിലുമുണ്ടെന്ന് കണ്ടതിനാലാവാം വിശാലബെഞ്ചിന് വിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ വാദം തുടരുകയാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി