ന്യൂഡൽഹി :
ശബരിമല ഉൾപ്പെടെ സ്ത്രീകളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച നിയമപ്രശ്‌നങ്ങളിൽ തീർപ്പുണ്ടാക്കാൻ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിൽ തിങ്കളാഴ്ചമുതൽ പ്രതിദിനവാദം.
കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദം തുടങ്ങും. ക്രൂരമല്ലാത്ത മതാചാരങ്ങളിൽ കോടതിയും ഭരണകൂടവും ഇടപെടേണ്ടതില്ലെന്ന നിലപാടാകും അദ്ദേഹം അറിയിക്കുക. നേരത്തേയും കേന്ദ്ര സർക്കാർ സമാനനിലപാടാണ് സ്വീകരിച്ചിരുന്നത്.
ശബരിമല സ്ത്രീപ്രവേശം, മുസ്‍ലിം സ്ത്രീകൾക്ക് പള്ളിയിൽ പ്രാർഥിക്കാനുള്ള അവകാശം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്സിസ്ത്രീകളുടെ ക്ഷേത്രപ്രവേശം, ഷിയാ മുസ്‍ലിങ്ങൾക്കിടയിലെ ദാവൂദിബോറ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളിലെ ചേലാകർമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളെ ബാധിക്കുന്ന പൊതുവായ നിയമപ്രശ്നങ്ങളാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുക. ഒമ്പതംഗ ബെഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ വിഷയങ്ങളെല്ലാം അതത് കേസുകൾ നിലവിൽ പരിഗണിച്ച ജഡ്ജിമാരുടെ ബെഞ്ചുകൾതന്നെ തീർപ്പാക്കും.
കുറ്റകരമല്ലാത്ത (ക്രൂരമല്ലാത്ത) ആചാരങ്ങളിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ നേരത്തേയും പറഞ്ഞിരുന്നത്. എന്നാലിത് ഒമ്പതംഗ ബെഞ്ചിന്റെ മുന്നിലുള്ള കേസുകളെ എങ്ങനെയാണ് ബാധിക്കുക എന്ന് വ്യക്തമല്ല. ദാവൂദി ബോറ പെൺകുട്ടികളിലെ ചേലാകർമത്തെ എതിർക്കുന്നതാകുമോ കേന്ദ്ര നിലപാടെന്നാണ് അറിയാനുള്ളത്. പുനഃപരിശോധനാ ഹർജിയിൽ ഉയർന്നുവരുന്ന നിയമപ്രശ്നങ്ങൾ വിശാലബെഞ്ചിന് വിടുന്നത് ശരിയാണോ എന്ന് ഒമ്പതംഗ ബെഞ്ച് ആദ്യം പരിഗണിച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ലെന്ന് ഉത്തരവിറക്കിയാണ് ഏഴ് പരിഗണനാ വിഷയങ്ങൾ തയ്യാറാക്കിയത്.
പത്തുദിവസംകൊണ്ട് വാദം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ചിലപ്പോൾ രണ്ടുദിവസംകൂടി നൽകിയേക്കും. നിലവിലുള്ള മതാചാരങ്ങളെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരുമെന്ന് തരംതിരിച്ചാണ് വാദംകേൾക്കാൻ പോകുന്നതെന്നാണ് സൂചന. മുതിർന്ന അഭിഭാഷകരായ കെ. പരാശരൻ (എൻ.എസ്.എസ്.- ശബരിമല), ഫാലി എസ്. നരിമാൻ (ദാവൂദി ബോറ), ശ്യാംദിവാൻ (ദാവൂദി ബോറ), ഇന്ദിരാ ജെയ്സിങ് (ശബരിമല-ബിന്ദു അമ്മിണി, കനകദുർഗ), കപിൽ സിബൽ (മുസ്‍ലിം വ്യക്തിനിയമ ബോർഡ്), രാജീവ് ധവാൻ (സ്വന്തം നിലയ്ക്ക്), വി. ഗിരി (ശബരിമല തന്ത്രി), ജയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാർ), അഭിഷേക് മനു സിംഘ്‍വി (പ്രയാർ ഗോപാലകൃഷ്ണൻ), കെ. രാധാകൃഷ്ണൻ (പന്തളം രാജകുടുംബാംഗം) തുടങ്ങിയവർ വാദം നടത്തും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി