• admin

  • February 3 , 2020

ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗബെഞ്ച് ഇന്ന് വാദംകേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പത്തുദിവസംകൊണ്ട് വാദം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള കേസുകളില്‍ പരിഗണിക്കേണ്ട പൊതുവായ നിയമപ്രശ്‌നങ്ങള്‍ക്ക് ബെഞ്ച് ഇന്ന് തന്നെ അന്തിമരൂപം നല്‍കിയേക്കും. ശബരിമല സ്ത്രീപ്രവേശം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശം, മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം, ദാവൂദി ബോറ സമുദായത്തിലെ പെണ്‍കുട്ടികളുടെ ചേലാകര്‍മം എന്നീ കേസുകളിലെ പൊതുവിഷയങ്ങളാണ് ബെഞ്ച് പരിശോധിക്കുന്നത്. ശബരിമലക്കേസില്‍മാത്രം അറുപതിലേറെ കക്ഷികളുണ്ട്. അതിനാല്‍ വാദം സമയക്ലിപ്തതയോടെ പൂര്‍ത്തിയാക്കുന്നതിന് അഭിഭാഷകര്‍ തമ്മില്‍ ധാരണയിലെത്താനും പരിഗണനാവിഷയങ്ങള്‍ തയ്യാറാക്കാനും സുപ്രീംകോടതി മുന്‍പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അഭിഭാഷകര്‍ തമ്മില്‍ പൂര്‍ണമായും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതിതന്നെ വിഷയങ്ങള്‍ തയ്യാറാക്കുന്നത്. ശബരിമല പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗബെഞ്ച് വിഷയം വിശാലബെഞ്ചിനുവിടുമ്പോള്‍ ഏഴുനിയമപ്രശ്‌നങ്ങള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍, അതിലേറെ വിഷയങ്ങള്‍ പരിഗണിക്കാനുണ്ടെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെട്ടപ്പോഴാണ് ഇതുസംബന്ധിച്ച് ധാരണയിലെത്താന്‍ കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ബോബ്ഡേക്കു പുറമേ ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍, എല്‍. നാഗേശ്വരറാവു, മോഹന്‍ എം. ശാന്തന ഗൗഡര്‍, എസ്. അബ്ദുള്‍ നസീര്‍, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ നിയമപ്രശ്‌നങ്ങളില്‍ ഒമ്പതംഗബെഞ്ച് തീര്‍പ്പുകല്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ശബരിമലക്കേസിലെ പുനഃപരിശോധനാഹര്‍ജികളില്‍ പഴയ അഞ്ചംഗ ബെഞ്ചുതന്നെ വിധിപറയും.