• admin

  • June 25 , 2022

തിരുവനന്തപുരം : നാലുഭാഗത്തു നിന്നും പ്രതിഷേധമുയർന്ന് വെട്ടിലായപ്പോൾ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതി എസ്എഫ്‌ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്. മുന്‍ കാല പ്രാബല്യത്തോടെയാണ് അവിഷിത്തിന്റെ ഒഴിവാക്കിയത്. അവിഷിത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരികെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. എംപി ഓഫീസ് ആക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആര്‍.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഏറെ നാളായി ഓഫീസില്‍ ഹാജരാകുന്നില്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നുമാണ് കത്തില്‍ കാരണമായി പറയുന്നത്. ഇതിന് പിന്നാലെയാണ് നടപടി. എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി മുന്‍ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. തിരിച്ചറിയല്‍ കാര്‍ഡ് അവിഷിത്ത് ഇതുവരെ പൊതുഭരണ വകുപ്പില്‍ തിരിച്ച് ഏല്‍പ്പിച്ചിട്ടില്ല. അതിനിടെ അവിഷിത്തിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വന്നു. ഇയാള്‍ വൈകിയാണ് സംഭവസ്ഥലത്തെത്തിയതെന്നാണ് സിപിഎം നേതാക്കള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കേസില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്‍പ്പറ്റ പൊലീസാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.