• Lisha Mary

  • April 19 , 2020

തിരുവനന്തപുരം : സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം. കോവിഡിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ആദ്യം മുതല്‍ ഇതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇപ്പോഴും ഇതിനുള്ള ശ്രമമാണ് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഗവണ്‍മെന്റിന് ഈ കാര്യത്തില്‍ സല്‍പ്പേര് കിട്ടാന്‍ പാടില്ല. അപ്പോള്‍ ഏതെല്ലാം തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പറഞ്ഞ ഓരോ സന്ദര്‍ഭത്തിലും ആ തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും മെല്ലെ തുടങ്ങിവരികയാണ്. ഉദ്ദേശം വ്യക്തമാണ്. ഞാന്‍ ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിക്കുന്നത്, ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കണ്ടുകൊള്ളും. ജനങ്ങള്‍ വിലയിരുത്തിക്കൊള്ളും. അതിനെ ആ തരത്തില്‍ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത്". മുഖ്യമന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുന്നുണ്ടെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ വിവാദങ്ങളിലേക്ക് ഇപ്പോള്‍ പോകാന്‍ സമയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദങ്ങളെയെല്ലാം അവഗണിച്ച് തള്ളാനാണ് തന്റെയും സര്‍ക്കാരിന്റെയും തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.