• admin

  • February 14 , 2020

കൊച്ചി : ചില പുസ്തകങ്ങള്‍ ദേവാലയങ്ങള്‍ പോലെയാണ്. അത്തരം ഒരപൂര്‍വ പുസ്തകമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. കേരളത്തിലെ, ഗോവ വരെ കിടക്കുന്ന പശ്ചിമഘട്ടത്തിലെ, ഏഷ്യയിലെ, ഭൂമധ്യരേഖാ പ്രദേശത്തെ സസ്യ സമ്പത്തിനെപ്പറ്റിയുള്ള ലത്തീന്‍ ഭാഷയിലെ 12 വാല്യങ്ങളുള്ള ക്ലാസിക്. ഇന്ത്യയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന്‍ വാന്‍ റീഡ് രചിച്ച ഈ മഹാഗ്രന്ഥം 1678 മുതല്‍ 1693 വരെയുള്ള കാലത്ത് ആംസ്റ്റര്‍ഡാമിലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. കേരളാ സര്‍വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗമായ കേരളാ യൂണിവേഴ്‌സിറ്റി പ്രസ് 2003ലാണ് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചത്. പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഡോ കെ എസ് മണിലാലാണ് ആധുനിക സസ്യശാസ്ത്രപ്രകാരം സമഗ്രമമായി വിശദീകരിക്കുന്ന ഈ ഇംഗ്ലീഷ് പതിപ്പും പി്ന്നീട് 2008ല്‍ മലയാളം പതിപ്പും തയ്യാറാക്കിയത്. ഹോര്‍ത്തൂസിന് ഇങ്ങനെ പുനര്‍ജന്മം നല്‍കിയതു കണക്കിലെടുത്ത് രാഷ്ടം ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഈ രണ്ട് പതിപ്പുകളും കൃതിയിലെ കേരളാ യൂണിവേഴ്‌സിറ്റി പ്രസ് സ്റ്റാളില്‍ വില്‍പ്പനയക്കുണ്ട്. പന്ത്രണ്ട് വാല്യങ്ങള്‍ വീതമുള്ള ഇംഗ്ലീഷ് പതിപ്പിന് 20,000 രൂപയും മലയാളം പതിപ്പിന് 7500 രൂപയുമാണ് വിലയെങ്കിലും കൃതി പുസ്തമേളയില്‍ 30% ഇളവോടെ ഈ ക്ലാസിക് സ്വന്തമാക്കാനാവും.