• admin

  • February 4 , 2020

കൊച്ചി : തൈക്കൂടം പാത തുറന്നശേഷം കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധന. കഴിഞ്ഞ സെപ്തംബറിലാണ് സൗത്ത് റെയില്‍വേ സ്റ്റേഷനെയും വൈറ്റില ഹബ്ബിനെയുംകൂടി ഉള്‍പ്പെടുത്തി മഹാരാജാസ് ഗ്രൗണ്ടില്‍നിന്ന് തൈക്കൂടത്തേക്കുള്ള പാത തുറന്നത്. മെട്രോയെ കൂടുതല്‍പ്പേരുടെ യാത്രാമാര്‍ഗമായി മാറ്റുന്നതിന്റെ ഭാഗമായി പത്തുവയസ്സിന് മുകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൈനര്‍ കാര്‍ഡും ഗ്രൂപ്പ് ബുക്കിങ് ആനുകൂല്യങ്ങളും ഏര്‍പ്പെടുത്താന്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ (കെഎംആര്‍എല്‍) തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ അവസാന അഞ്ചുമാസം മുന്‍വര്‍ഷത്തെ അതേ കാലയളവിലുണ്ടായിരുന്നതിലും ഇരട്ടി എണ്ണം യാത്രികര്‍ മെട്രോയെ ആശ്രയിച്ചു. 2019 ഡിസംബറില്‍ യാത്രികരുടെ എണ്ണം സര്‍വകാല റെക്കൊഡിലേക്ക് ഉയര്‍ന്ന് 21,08,108 ആയി. 2018 ഡിസംബറില്‍ ഇത് 12,48,874 ആയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 20,74,430 ആണ്. യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധന പരിഗണിച്ച് തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകളുടെ ഇടവേള എട്ട് മിനിറ്റില്‍നിന്ന് ആറ് മിനിറ്റായി കുറച്ചു. യാത്രാസംഘങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കി ഗ്രൂപ്പ് ബുക്കിങ് ആരംഭിക്കാനും കെഎംആര്‍എല്‍ ആലോചിക്കുന്നുണ്ട്. ഏഴുപേരില്‍ അധികമുള്ള സംഘങ്ങള്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചി മെട്രോ മൈനര്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍പ്പേര്‍ മെട്രോയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് കെഎംആര്‍എല്‍ കരുതുന്നു. ടിക്കറ്റ് നിരക്കില്‍ ഇളവുള്ള വണ്‍കാര്‍ഡില്‍ 73,000 പേര്‍ പതിവായി യാത്ര ചെയ്യുന്നുണ്ട്. ആകെ യാത്രികരുടെ 29 ശതമാനം വരുമിത്.