• admin

  • October 7 , 2022

കൽപ്പറ്റ : വയനാട് ജില്ല അത് ലറ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ രണ്ട് ദിവസമായി നടന്നു വന്ന ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് സമാപിച്ചു .ഏറ്റവും കൂടുതൽ കായിക താരങ്ങളുമായി ചാമ്പ്യൻഷിപ്പിനെത്തിയ കാട്ടിക്കുളം സ്പോർട്സ് അക്കാദമി 177 പോയിൻ്റ് നേടിയാണ് ചാമ്പ്യൻമാരായത്. രണ്ടാം സ്ഥാനക്കാരായ കൽപ്പറ്റ ജില്ലാ സ്പോർട്സ് അക്കാദമി 68 പോയിൻ്റും മൂന്നാം സ്ഥാനക്കാരായ പനമരം ക്രസൻ്റ് പബ്ലിക് സ്കൂൾ 62 പോയിൻ്റും നേടി. 14- വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ പനമരം ക്രസൻ്റ് പബ്ലിക് സ്കൂളും 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വാളേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളും 20 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ സ്പോർട്സ് അക്കാദമി കൽപ്പറ്റയും വിഭാഗം തിരിച്ച് ജേതാക്കളായി. മറ്റെല്ലാ വിഭാഗത്തിലും കാട്ടിക്കുളം സ്പോർട്സ് അക്കാദമിയാണ് ജേതാക്കൾ.     വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.റഫീഖ് ട്രോഫികൾ സമ്മാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ മുഖ്യാതിഥിയായി . സി.പി.സജി, ലൂക്കാ ഫ്രാൻസിസ്, എ.ഡി. ജോൺ, സുജീഷ് മാത്യു തുടങ്ങിയവരും മറ്റ് അത് ലറ്റിക് അസോസിയേഷൻ ഭാരവാഹികളും ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.